September 19, 2024
NCT
KeralaNewsThrissur News

മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം നാടിന് സമർപ്പിച്ചു.

മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച ആധുനിക നീന്തൽ പരിശീലന കേന്ദ്രം ഇ ടി ടൈസൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ നീന്തൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മതിലകം ബ്ലോക്ക് പഞ്ചായത്ത് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നീന്തൽ പരിശീലന കേന്ദ്രം നിർമ്മിച്ചത്.

മുൻ കയ്പമംഗലം എം എൽ എ വി എസ് സുനിൽകുമാറിൻ്റെ 2015-16 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 61.5 ലക്ഷം രൂപ ചെലവഴിച്ചാണ് നീന്തൽ പരിശീലന കേന്ദ്രത്തിൻ്റെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ പൊതുമേഖല സ്ഥാപനമായ സിൽക്ക് പൂർത്തിയാക്കിയത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിൻ്റെ വിവിധ പദ്ധതി വിഹിതങ്ങൾ ഉപയോഗിച്ച് പദ്ധതി പൂർത്തിയാക്കി.

രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 60.9 ലക്ഷം രൂപ ചെലവഴിച്ച് നീന്തൽ പരിശീലന കേന്ദ്രത്തിന് അനുയോജ്യമായ ആധുനിക രീതിയിലുള്ള മേൽക്കൂരയും പരിശീലന കേന്ദ്രത്തിന്റെ ജല സ്രോതസ്സായ കുളം അരികുകെട്ടിയും, സ്റ്റീൽ കൈവരികൾ നിർമ്മിച്ചും നവീകരിച്ചു. നീന്തൽ പരിശീലന കേന്ദ്രത്തിന് ചുറ്റും ടൈൽ വിരിക്കുകയും ഭദ്രമായ ചുറ്റുമതിൽ, ഡ്രൈനേജ് എന്നിവയും നിർമ്മിച്ചു.

ആധുനിക രീതിയിൽ നിർമ്മിച്ച നീന്തൽ കുളത്തിൽ 20 മീറ്റർ നീളവും 10 മീറ്റർ വീതിയും 1.35 മീറ്റർ ആഴവുമുണ്ട്. പരിശീലന കേന്ദ്രത്തിൽ ഓസോൺ ജനറേറ്റർ, വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാന്റ്, ഡ്രസ്സിംഗ് റൂം, ശൌചാലയം, യാർഡ് ലൈറ്റിംഗ് എന്നിവയും ജീവൻ രക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി 1.23 കോടി രൂപ ചെലവഴിച്ചാണ് ശാസ്ത്രീയമായ നീന്തൽ പരിശീലിപ്പിക്കുന്നതിനെ കേന്ദ്രം ഒരുക്കിയിട്ടുള്ളത്.

പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ. ചന്ദ്രബാബു,  എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് സലീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഷീജ ബാബു, കെ എ ഹസ്ഫൽ, കെ കെ വത്സമ്മ, പെരിഞ്ഞനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ അബ്ദുൾ നാസർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ കെ ബേബി, പഞ്ചായത്തംഗം സ്നേഹ ദത്ത്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ മധുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.

Related posts

കയ്പമംഗലത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

murali

തളിക്കുളം ഹൈസ്‌കൂൾ പരിസരത്ത് നിന്നും എം.ഡി.എം.എയുമായി കുപ്രസിദ്ധ ഗുണ്ട പിടിയിൽ.

murali

തൃശൂര്‍ ജില്ലയിലെ സി.പി.എമ്മില്‍ വീണ്ടും അച്ചടക്ക നടപടി.

murali
error: Content is protected !!