September 19, 2024
NCT
KeralaNewsThrissur News

നാടിന് കനിവിൻ്റെ അപൂർവ മാതൃകയായ് അഞ്ജനയും, അനുജൻ ആദിത്യനും.

അന്തിക്കാട് : ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നായ്ക്കുട്ടികൾക്ക് രക്ഷകരായി സഹോദരങ്ങൾ. ചേച്ചിയുടെയും അനിയൻ്റെയും കനിവിൻ്റെ കരുതലിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് നാല് നായ്ക്കുഞ്ഞുങ്ങൾ. അന്തിക്കാട് സ്വദേശികളായ കാട്ടുങ്ങൽ ജയരാജ് – നിഷ ദമ്പതികളുടെ മക്കളായ ബിഎഎംഎസ് വിദ്യാർഥിനി അഞ്ജനയും, അന്തിക്കാട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദിത്യനും ചേർന്നാണ് നാടിന് കനിവിൻ്റെ അപൂർവ മാതൃകയായത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് അഞ്ജനയും അനുജൻ ആദിത്യനും കൂടി അന്തിക്കാട് അഞ്ചങ്ങാടി കെ.കെ മേനോൻ ഷെഡ് ലിങ്ക് റോഡിന് സമീപത്തെ റോഡരികിൽ ചാക്കിൽ കെട്ടിപ്പൂട്ടിയ നിലയിൽ നായക്കുട്ടികളെ കണ്ടത്. റോഡരികിൽ കിടക്കുന്ന ചാക്ക് അനങ്ങുന്നത് കണ്ടതോടെ ഇവർ വാഹനം നിർത്തി മൊബൈൽ ലൈറ്റിന്റെ പ്രകാശത്തിൽ പരിശോധിച്ചപ്പോഴാണ് 4 നായക്കുട്ടികൾ ചാക്കിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുകയാണെന്ന് മനസിലായത്.

ആദ്യം അവയുടെ ജീവൻ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ ചാക്കിന്റെ കെട്ടഴിച്ച് വിട്ട ശേഷം ഇരുവരും വീട്ടിലേക്ക് പോന്നു. പിന്നീട് അടുത്ത ദിവസം രാവിലെയും ഉച്ചയ്ക്കും ഈ നായകുട്ടികൾക്ക് ബിസ്കറ്റും പാലും വീട്ടിൽ നിന്നു കൊണ്ടുവന്ന് നൽകി. വാഹനങ്ങൾ ചീറിപാഞ്ഞു കൊണ്ടിരിക്കുന്ന റോഡിന്നരികിൽ പിഞ്ചു കുഞ്ഞുങ്ങളായ നായക്കുട്ടികളെ ഉപേക്ഷിക്കാൻ ഇവർക്ക് മനസ് വന്നില്ല. അച്ഛൻ്റേയും അമ്മയുടേയും സമ്മതത്തോടെ ആ നായ്ക്കുഞ്ഞുങ്ങളെ അതേ ചാക്കിൽ തന്നെയാക്കി വീട്ടിലേക്ക് കൊണ്ടു പോരുകയായിരുന്നു. ഇനിയവ തങ്ങളുടെ അരുമകളായി വളരുമെന്നുറപ്പാക്കിയിരിക്കുകയാണ് ഈ ചേച്ചിയും അനിയനും.

Related posts

അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

തളിക്കുളത്ത് വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദിച്ചതായി പരാതി.

murali

വടക്കഞ്ചേരി ഹനഫി പള്ളിയിലെ മോഷണക്കേസ് പ്രതി പിടിയില്‍.

murali
error: Content is protected !!