September 19, 2024
NCT
NewsKeralaThrissur News

ആറാട്ടുപുഴ പൂരം : മേള പ്രമാണത്തിൽ പെരുവനം കുട്ടൻ മാരാർ 25 ആം വർഷത്തിൽ, ആറാട്ടുപുഴ ക്ഷേത്രത്തിൻ്റെ സുവർണ്ണമുദ്ര നൽകി ആദരിക്കും.

ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തിന് ശാസ്താവിൻ്റെ പാണ്ടി, പഞ്ചാരി മേളങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന പത്മശ്രീ പെരുവനം കുട്ടൻ മാരാർ ശാസ്താവിൻ്റെ അനുഗ്രഹാശിസ്സുകളോടെ പ്രമാണ ചുമതലയിൽ ഇരുപത്തിയഞ്ചിൻ്റെ നിറവിലാണ് ഈ വർഷം. ഇത്രയും സുദീർഘമായ കാലയളവിൽ ശാസ്താവിൻ്റെ മേള പ്രമാണ ചുമതല വഹിച്ച മറ്റൊരു മേളകലാകാരൻ ഇല്ല.

2000 ലാണ് അദ്ദേഹം ശാസ്താവിന്റെ മേള പ്രമാണം ഏറ്റെടുക്കുന്നത്. മികച്ച നേതൃപാടവമുള്ള കുട്ടൻ മാരാർ മേളപ്രമാണത്തിൽ അനുവർത്തിച്ചു വരുന്ന കൃത്യതയും നിതാന്ത ജാഗ്രതയും ഏറെ പ്രശംസനീയമാണ്. അദ്ദേഹത്തിൻ്റെ അർപ്പണബോധത്തെ മാനിച്ച് കൊണ്ട് പെരുവനം കുട്ടൻ മാരാർക്ക് പ്രമാണത്തിൻ്റ ഇരുപത്തിയഞ്ചാം വർഷത്തിൽ ആറാട്ടുപുഴ ശാസ്താവിൻ്റെ രൂപം ആലേഖനം ചെയ്ത സുവർണ്ണ മുദ്രയും കീർത്തി ഫലകവും പ്രശസ്തി പത്രവും പൊന്നാടയും നൽകി ആദരിക്കുന്നു. മാർച്ച് 19 വെളുപ്പിന് നടക്കുന്ന തിരുവാതിര വിളക്കിന് ശേഷം രാവിലെ 7.30 ന് നടപ്പുരയിൽ വെച്ച് കുട്ടൻ മാരാർക്ക് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ. എം.കെ സുദർശൻ സുവർണ്ണ മുദ്ര സമ്മാനിക്കും.

2008 ലെ ആറാട്ടുപുഴ പൂരക്കാലം മഴയിൽ കുതിർന്നതായിരുന്നു. തിരുവാതിര വിളക്കിനും പെരുവനം പൂരത്തിനും തറക്കൽ പൂരത്തിനും മഴയുടെ ശല്യം കാര്യമായി ബാദ്ധിച്ചില്ല. എന്നാൽ ആറാട്ടുപുഴ പൂരം ദിവസം രാത്രി 9.50 വരെ മഴ തിമിർത്ത് പെയ്തിട്ടാണ് മാറി നിന്നത്. കനത്ത മഴയുണ്ടായിട്ടും പതിവ് പോലെ വൈകുന്നേരം 6.30ന് തന്നെ ശാസ്താവിനെ എഴുന്നെള്ളിച്ചു. മഴ മാറുമെന്ന ശുഭ പ്രതീക്ഷയിൽ വിസ്തരിച്ച പഞ്ചാരിക്ക് കുട്ടൻ മാരാർ കാലമിട്ടു. രണ്ടര മണിക്കൂർ പതികാലം കഴിഞ്ഞ് രണ്ടാoകാലം തീർന്നപ്പോഴേക്കും പത്തുമണിയായി. ശാസ്താവിനെ പുറത്തേക്ക് എഴുന്നെള്ളിച്ച് പതിനഞ്ചാനകളുടെ അകമ്പടിയോടെ പഞ്ചാരി കൊട്ടി കലാശിച്ചു. അദ്ദേഹത്തിൻ്റെ സന്ദർഭോചിതമായ ഇടപെടൽ മൂലം ശാസ്താവിൻ്റെ എഴുന്നെള്ളിപ്പ് മുടങ്ങാതെ ഗരിമയോടെ നടത്താൻ കഴിഞ്ഞു.

2012 ലെ പെരുവനം പൂരത്തിനും കാലം തെറ്റി വന്ന മഴ തടസ്സമായി മാറി. എഴുന്നെള്ളിപ്പ് മുടങ്ങുമെന്ന ആശങ്കയ്ക്കിടയിൽ കനത്ത മഴയിലും ശാസ്താവിൻ്റെ പൂരം അദ്ദേഹം കേമമായി കൊട്ടി കലാശിച്ചു. ഈ രണ്ട് വർഷങ്ങളിലും പൂരം പൂരമാക്കാൻ അദ്ദേഹം കാണിച്ച സമർപ്പണ ബോധം തന്നെയാണ് ഒരു മേളപ്രമാണിയ്ക്ക് അവശ്യം വേണ്ട മനോധർമ്മവും. ഈ സദ്പ്രവൃത്തി ആറാട്ടുപുഴ പൂര ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ്.

Related posts

മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ചു.

murali

ലാസര്‍ നിര്യാതനായി.

murali

തളിക്കുളത്ത് വാഹനാപകടം; കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരാൾ മരിച്ചു.

murali
error: Content is protected !!