ഇരിങ്ങാലക്കുട : ആളൂർ പാറേക്കാട്ടുകരയിൽ അവശനിലയിൽ കിടന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ പാറേക്കാട്ടുകര സ്വദേശികളായ കല്ലിവളപ്പിൽ ജിൻ്റോ (28), കുവ്വക്കാട്ടിൽ സിദ്ധാർത്ഥൻ (63) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
തിരുവോണ നാളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മരണപ്പെട്ട ജോബിയും പാറക്കാട്ടുകര സ്വദേശി സിദ്ധാർത്ഥനും തമ്മിൽ ഷാപ്പിൽ വെച്ച് ഉച്ചയോടെ വഴക്കുണ്ടാവുകയും തമ്മിൽ തല്ലുകയും പിടിവലി കൂടുകയും ചെയ്തിരുന്നു.
വൈകീട്ട് ആറര മണിയോടെ കള്ളുഷാപ്പിന് എതിർവശത്ത് അവശനിലയിൽ കിടക്കുകയായിരുന്ന പഞ്ഞപ്പിള്ളി സ്വദേശി മാളിയേക്കൽ ജോബി (45) എന്നയാളെ ബന്ധുക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അയാൾ പിറ്റേന്ന് പുലർച്ചെ മരിക്കുകയും ചെയ്തു.
സിദ്ധാർത്ഥൻ്റെയും ജിൻ്റോയുടെയും മർദ്ദനത്തിലുമാണ് ജോബിക്ക് പരുക്കേറ്റിട്ടുള്ളത്. വീഴ്ചയിൽ തലയ്ക്ക് സാരമായി പരുക്കേറ്റു. വാരിയെല്ലു പൊട്ടുകയും ആന്തരിക അവയവങ്ങൾക്ക് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് മരണകാരണമായി പറയുന്നത്.
സംഭവമറിഞ്ഞ് റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് മഫ്തിയിലെത്തിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
ജിൻ്റോ കൊടകര, ആളൂർ, സ്റ്റേഷനുകളിൽ അടിപിടി കേസിലും, ഇടുക്കിയിൽ കള്ളനോട്ട് കേസിലും മുമ്പ് ഉൾപ്പെട്ടിട്ടുണ്ട്. ആളൂർ എസ് ഐ കെ എസ് സുബിന്ത്, കെ കെ രഘു, പി ജയകൃഷ്ണൻ, കെ എസ് ഗിരീഷ്, സീനിയർ സി പി ഒ ഇ എസ് ജീവൻ, സി പി ഒ കെ എസ് ഉമേഷ്, സവീഷ്, സുനന്ദ്, സ്പെഷൽ ബ്രാഞ്ച് എസ് ഐ ടി ആർ ബാബു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
