September 19, 2024
NCT
KeralaNewsThrissur News

ലോക്സഭാ തിരഞ്ഞെടുപ്പ്; മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: ജില്ലയിൽ വിവിധ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പ്രചാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവയെലൻസ് ടീം, രണ്ട് വീതം ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ്, ഒന്ന് വീതം വീഡിയോ സർവെയലൻസ് ടീം എന്നിവയെ നിയോഗിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

സ്റ്റാറ്റിക് സർവയെലൻസ് ടീം ഒഴികെയുള്ളവ പ്രഖ്യാപനം വന്നയുടൻ സജീവമായതാണ്. സ്റ്റാറ്റിക് സർവയെലൻസ് ടീം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാർച്ച് 28 മുതൽ പ്രവർത്തനം ആരംഭിക്കും. ഇത്തരത്തിൽ ജില്ലയിൽ പരിശോധനയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 78 സ്ക്വാഡുകളാണ് ഉളളത്.

ടോൾ ഫ്രീ നം.1950, സി- വിജിൽ ആപ്പ് മുഖേന പരാതിപ്പെടാം.

മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കുന്നിന് ജില്ലാതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം (ടോൾ ഫ്രീ നം.1950) പ്രവർത്തനക്ഷമമാണ്. കൂടാതെ പൊതുജനങ്ങൾക്ക് സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ (C-VIGIL Mobile Application) മുഖേനയും പരാതി നൽകാം. ആപ്പ് പ്ലേ സ്റ്റോർ/ ആപ്പിൾ പ്ലേ സ്റ്റോർ എന്നിവയിൽ നിന്ന്‌ ഡൗൺലോഡ് ചെയ്യാം.

കൊടികൾ/ തോരണങ്ങൾ/ പോസ്റ്ററുകൾ നീക്കണം.

മാതൃകാ പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങളിലും പരിസരങ്ങളിലും അനധികൃതമായി സ്ഥാപിച്ച കൊടികൾ/ തോരണങ്ങൾ/ പോസ്റ്ററുകൾ മുതലായവ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾക്കും തദ്ദേശ സ്വയംഭരണ മേധാവികൾക്കും നിർദ്ദേശം നൽകി.

പൊതുസ്ഥലങളിൽ (റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാൻഡ് / ഇലക്ട്രിക് / ടെലിഫോൺ പോസ്റ്റ് / സർക്കാർ ബസ് മുതലായവ) അനധികൃതമായി സ്ഥാപിച്ച കൊടികൾ / തോരണങ്ങൾ / പോസ്റ്ററുകൾ 48 മണിക്കൂറിനകവും നിയമപരമല്ലാതെ സ്വകാര്യ വസ്തുവഹകളിൽ സ്ഥാപിച്ചിട്ടുളളവ 72 മണിക്കൂറിനകവും നീക്കം ചെയ്യാനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ നിർദ്ദേശിച്ചു.

Related posts

ക്രൂരമായ സൈബർ ആക്രമണം നേരിടുന്നു: കലാമണ്ഡലം സത്യഭാമ.

murali

അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി.

murali

സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി: നികുതി വെട്ടിപ്പ് കേസ് റദ്ദാക്കില്ല.

murali
error: Content is protected !!