September 20, 2024
NCT
KeralaNewsThrissur News

അനധികൃത മത്സ്യബന്ധനം: ബോട്ട് പിടിച്ചെടുത്ത് പിഴ ചുമത്തി.

തൃശൂര്‍ : പെര്‍മിറ്റ് ഇല്ലാതെ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടിന് എതിരേ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മ്മെന്റ് അധികൃതര്‍. അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം തീരക്കടലിലും അഴിമുഖത്തും നടത്തിയ പരിശോധനയില്‍ പെര്‍മിറ്റ് ഇല്ലാതെ അനധികൃത മത്സ്യബന്ധനം നടത്തിവന്ന എറണാകുളം മുനമ്പം പള്ളിപ്പുറം സ്വദേശി വിനുവിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജോര്‍ജ് ബോട്ടാണ് പിടിച്ചെടുത്തത്.

സര്‍ക്കാര്‍ നിശ്ചിയിച്ച പെര്‍മിറ്റ് തുക അടക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെയും ഇതര ജില്ലക്കാരേയും ഉപയോഗപ്പെടുത്തിയാണ് തീരക്കടലില്‍ മത്സ്യബന്ധനം നടത്തിയിരുന്നത്. പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് അഴീക്കോട് ഭാഗത്ത് നിന്ന് വന്ന ബോട്ട് പിടിയിലായത്.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 (കെഎംഎഫ് റെഗുലേഷന്‍ ആക്ട് 1980) പ്രകാരം കേസെടുത്തു. ബോട്ടിലെ മത്സ്യം പരസ്യ ലേലം ചെയ്ത് ലഭിച്ച 17500 രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് പിഴയായി 1,20,000 രൂപ സര്‍ക്കാരിലേക്ക് അടച്ചു. പ്രത്യേക പരിശോധന സംഘത്തില്‍ എ.എഫ്.ഇ.ഒ സംന ഗോപന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഉദ്യേഗസ്ഥരായ വി.എന്‍ പ്രശാന്ത് കുമാര്‍, വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ ഷിഹാബ്, ഫസല്‍, സ്രാങ്ക് ദേവസ്സി, എഞ്ചിന്‍ ഡ്രൈവര്‍ പ്രകാശന്‍ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധ കുമാരി അറിയിച്ചു.

Related posts

പിണറായി മന്ത്രിസഭയിൽ ഒ.ആർ.കേളു പട്ടിക ജാതി-പട്ടിക വർഗ മന്ത്രിയാകും.

murali

ചേറ്റുവ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

murali

സ്കൂട്ടർ മോഷ്ടാവ് അറസ്റ്റിൽ.

murali
error: Content is protected !!