September 20, 2024
NCT
KeralaNewsThrissur News

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമ കെ.ഡി. പ്രതാപന്‍ അറസ്റ്റില്‍.

ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമ കെ.ഡി. പ്രതാപനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. കെ.ഡി. പ്രതാപനെയും ഭാര്യ ശ്രീനയെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പ്രതാപനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണ് ഹൈറിച്ച് തട്ടിപ്പ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കെ ഡി പ്രതാപനും ഭാര്യയും വിദേശത്തേക്ക് കടത്തിയതായി സൂചനയുണ്ടായിരുന്നു.

കേസിൽ 260 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. അന്വേഷണ ഭാഗമായി ഇ.ഡി കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്സ്, കുടുംബാംഗങ്ങൾ എന്നിവരുടെ അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ചു.

ഇതോടൊപ്പം 70 ലക്ഷം രൂപയുടെ കറൻസികൾ, നാല് കാറുകൾ, പ്രമോട്ടർമാരുടെയും കമ്പനി നടത്തിപ്പുകാരുടെയും 15 കോടിയുടെ വസ്തുവകകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മൾട്ടിലെവൽ മാർക്കറ്റിങ്ങിൽ അംഗത്വ ഫീസ് ഇനത്തിൽ മാത്രം 1157 കോടി തട്ടിയെന്നും ഇതിൽ 250 കോടി പ്രമോട്ടർമാരായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ കൈക്കലാക്കിയെന്നുമാണ് കേസ്.

കൂടാതെ ഇവർ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചത്.

Related posts

ചെറുതുരുത്തിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

murali

പേരാമംഗലം പോലീസ് സ്റ്റേഷൻ ഐ.എസ്.ഓ അംഗീകാര നിറവിൽ.

murali

ക്ഷീര കർഷക അവാർഡ് ജേതാവിന് അനുമോദനവുമായി വാർഡ് മെമ്പർ.

murali
error: Content is protected !!