കാസര്‍കോട് : പത്തുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പി.എ. സലീമിനെ ആന്ധ്രപ്രദേശില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് പരിധിയില്‍ സംഭവം നടന്ന് പത്തുദിവസമാകുമ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.
പ്രതി മൊബൈല്‍ ഫോണ്‍ പോലുള്ള ആശയവിനിമയമാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തത് അന്വേഷണത്തില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഒരൊറ്റ തവണ പ്രതി വീട്ടിലേക്ക് വിളിക്കുകയും ആ നമ്പര്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചതുമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
മേയ് 15 ന് പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ ഊരിയെടുത്തശേഷമാണ് പ്രതി കടന്നുകളഞ്ഞത്.
കുട്ടിയുടെ വീടിന് സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കാസര്‍കോട് പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈ.എസ്.പി.മാരാണ് കേസ് അന്വേഷിക്കുന്നത്.