September 19, 2024
NCT
KeralaNewsThrissur News

‘ഫ്രഷ് ബൈറ്റ്‌സ്’ ചിപ്‌സ്, ശര്‍ക്കരവരട്ടി ബ്രാന്‍ഡ് മന്ത്രി എം.ബി രാജേഷ് പുറത്തിറക്കി.

ഇത്തവണ ഓണാഘോഷത്തിന് മാറ്റേകാന്‍ കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്‌സും ശര്‍ക്കര വരട്ടിയും. ‘ഫ്രഷ് ബൈറ്റ്‌സ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും പുഴയ്ക്കല്‍ വെഡിങ് വില്ലേജില്‍ തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളമുള്ള മുന്നൂറോളം യൂണിറ്റുകളില്‍ നിന്നായി 700 ഓളം കുടുംബശ്രീ സംരംഭകര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നു.

കോര്‍പ്പറേറ്റ് ബ്രാന്റുകളോട് കിടപിടിക്കുന്ന രീതിയിലാണ് കുടുംബശ്രീ ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിനായി മികച്ച ഗുണനിലവാരത്തോടെയുള്ള ഉല്‍പാദനം, പാക്കിങ് എന്നിവയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ പുലര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഓണക്കാലത്തിനോടനുബന്ധിച്ച് ഉല്‍പ്പന്നങ്ങള്‍ പൊതുവിപണിയില്‍ എത്തിക്കുന്നത് വഴി കൂടുതല്‍ വ്യാപാര സാധ്യതകളും ലക്ഷ്യമിടുന്നു.

സമാന സ്വഭാവമുള്ള യൂണിറ്റുകളെ സംയോജിപ്പിച്ച് ജില്ലാതലത്തില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. സംരംഭക മേഖലയില്‍ ഒട്ടേറെ മാതൃകയാകുന്ന പദ്ധതികളാണ് കുടുംബശ്രീ വിജയകരമായി നടപ്പാക്കിയത്. ജനകീയ ഹോട്ടല്‍ പദ്ധതി മുഖേന മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ സബ്‌സിഡി തുക പൂര്‍ണമായും നല്‍കി കഴിഞ്ഞു. തുടര്‍ന്ന് കുടുംബശ്രീ പ്രീമിയം ഹോട്ടല്‍ പദ്ധതിയും ലഞ്ച് ബെല്‍ സംവിധാനവും ആരംഭിച്ചു. ഈ പദ്ധതികള്‍ സംസ്ഥാന വ്യാപകമായി എല്ലാ ജില്ലകളില്‍ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

2024-25 വര്‍ഷത്തില്‍ മൂന്ന് ലക്ഷം ഉപജീവന പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ‘ഫ്രഷ് ബൈറ്റ്‌സ് ബ്രാന്‍ഡിങ്’ നടത്തിയിരിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലെയും മികച്ച ചിപ്പ്‌സ്, ശര്‍ക്കര വരട്ടി ഉല്‍പാദന യൂണിറ്റുകളെ കണ്ടെത്തി രണ്ടു ഘട്ടങ്ങളിലായി കായംകുളം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പരിപാടിയില്‍ റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനായി. ഓണത്തിന് മുഴുവന്‍ കുടുംബങ്ങളിലേക്കും കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നും സ്ത്രീശാക്തീകരണത്തിന്റെ അടയാളപ്പെടുത്തലായി കുടുംബശ്രീ മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ നഗരസഭ നല്‍കുന്ന 25 ലക്ഷം രൂപയുടെ ചെക്ക് ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാനും മുനിസിപ്പല്‍ ചേംബര്‍ അസോസിയേഷന്‍ ചെയര്‍മാനുമായ എം.കൃഷ്ണദാസ് മന്ത്രി എം.ബി രാജേഷിന് കൈമാറി.

കുടുംബശ്രീ സംസ്ഥാന മിഷന്‍ നോണ്‍ ഫാം ലൈവ്‌ലിഹുഡ് പ്രോഗ്രാം ഓഫീസര്‍ എ.എസ് ശ്രീകാന്ത് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, തൃശൂര്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എസ്. വസന്തലാല്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഗവേണിങ് ബോഡി അംഗവുമായ കെ ആര്‍ ജോജോ,

കുടുംബശ്രീ ജില്ലാ മിഷന്‍ ഓര്‍ഡിനേറ്റര്‍ ടി.എം റജീന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍രായ സത്യഭാമ വിജയന്‍, റെജുല കൃഷ്ണകുമാര്‍, തൃശൂര്‍ കറി പൗഡര്‍ കണ്‍സോര്‍ഷന്‍ പ്രസിഡന്റ് കെ.എന്‍ ഓമന, കുടുംബശ്രീ ഫുഡ് പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് ക്ലസ്റ്റര്‍ പ്രസിഡന്റ് സ്മിത സത്യദേവ്, ഫാം ലൈവ്‌ലിഹുഡ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു.

murali

അഖില കേരള ധീവരസഭ തൃശൂർ ജില്ലാ കമ്മറ്റി തൃപ്രയാറിൽ അവകാശ സംരക്ഷണ സംഗമവും പ്രതിഷേധ പ്രകടനവും നടത്തി.

murali

കൊടുങ്ങല്ലൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; ഏഴ് പേർ പിടിയിൽ.

murali
error: Content is protected !!