NCT
KeralaNewsThrissur News

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു.

തൃശൂർ : നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാർ (82)അന്തരിച്ചു. വാർധക്യാവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തൃശൂർ ഒല്ലൂർ സ്വദേശിയാണ്. തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടൽമാണിക്യത്തിലും തുടങ്ങി കേരളത്തിലെ പ്രമുഖ മേളങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു.

2021ലെ തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി തൃശൂർ പൂരത്തിൽ പങ്കെടുത്തത്.അച്ഛൻ മാക്കോത്ത് ശങ്കരൻകുട്ടി മാരാർ ആണ് ഗുരു. പഠന ശേഷം പന്ത്രണ്ടാം വയസിൽ ഇടക്കുന്നി അമ്പലത്തിൽ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു.

പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു 45 വർഷക്കാലം പൂരം കൊട്ടിക്കയറിയ കേളത്തിന്. പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവിന്റെ മേളപ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത് അരവിന്ദാക്ഷൻ മാരാർ തൃശൂർ പൂരത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 13 വർഷക്കാലം കൊട്ടിയശേഷം പൂരത്തിലെ കൊട്ടുനിറുത്തി.

പിന്നീട് തൃപ്പേക്കുളം അച്യുതമാരാർ തിരുമ്പാടിയുടെ പ്രമാണിയായപ്പോൾ ഒമ്പത് വർഷക്കാലം വീണ്ടും കൊട്ടിത്തിമർത്തു. എന്നാൽ പെരുവനം കുട്ടൻ മാരാർ പാറമേക്കാവിൽ മേളത്തിന്റെ നായകത്വം ഏറ്റെടുത്തതോടെ തിരിച്ചെത്തി. ആദ്യം പതിമൂന്ന് വർഷക്കാലം പാറമേക്കാവിലും പിന്നീട് ഒമ്പത് വർഷം തിരുവമ്പാടിയിലും തിരിച്ച് പാറമേക്കാവിൽ തുടർച്ചയായി 23 വർഷവും കൊട്ടിക്കയറിയ പ്രതിഭയാണ് കേളത്ത്.  ഇലഞ്ഞിത്തറയിൽ പെരുവനത്തിന്റെ വലത്ത് എപ്പോഴും ചിരിച്ച് കൊട്ടിക്കയറുന്ന കേളത്തിന്റെ ശൈലിക്ക് ആരവം മുഴക്കാൻ പതിനായിരങ്ങളാണ് എത്തുക.

കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, തൃപ്രയാർ വാദ്യകലാ ആസ്വാദക സമിതിയുടെ 2019 ലെ ശ്രീരാമപാദ സുവർണമുദ്ര, കലാചാര്യ, വാദ്യമിത്ര, ധന്വന്തരി പുരസ്‌കാരം, പൂർണത്രയീശ പുരസ്‌കാരം, ആറാട്ടുപുഴ ശ്രീ ശാസ്താ പുരസ്‌കാരം, വാദ്യ വിശാരദൻ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കേളത്തിനെ തേടിയെത്തി.

Related posts

അഴീക്കോട് പരമ്പരാഗത മത്സ്യതൊഴിലാളികൾ നടത്തിയ ഫിഷറീസ് ഓഫീസ് മാർച്ചിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം.

murali

ശ്യാമള നിര്യാതയായി.

murali

തൃശൂരിലെ ‘ആവേശം’ ഗുണ്ടാ പാർട്ടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്.

murali
error: Content is protected !!