തൃപ്രയാർ : നാട്ടികയിൽ ആറു ദിവസത്തിനിടെ ഒരു വീട്ടിലെ മൂന്നുപേർ മരിച്ചു. നാട്ടിക ബീച്ച് വൈലി ക്ഷേത്രത്തിനു സമീപം ആറുകെട്ടി സരസിജൻ (43), അമ്മ ആനന്ദബായ്(65), സഹോദരൻ സച്ചിദാനന്ദൻ(45) എന്നിവരാണ് മരിച്ചത്. സരസിജൻ കഴിഞ്ഞ വ്യാഴാഴ്ചയും ആനന്ദബായ് ഞായറാഴ്ചയും സച്ചിദാനന്ദൻ ചൊവ്വാഴ്ച ഉച്ചയ്ക്കുമാണ് മരിച്ചത്. പരേതനായ വേലായുധന്റെ ഭാര്യയാണ് ആനന്ദബായ്.
വ്യാഴാഴ്ച മരിച്ച സരസിജന്‍ ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. മറ്റ് രണ്ടുപേരുടെ മരണ കാരണവും ന്യൂമോണിയയാണെന്ന് സംശയമുണ്ട്. സച്ചിദാനന്ദൻ മരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സമീപ വീടുകളിലെത്തി പനി ബാധിച്ചവരുണ്ടോയെന്ന് അന്വേഷിച്ചിരുന്നു. ബുധനാഴ്ച റിപ്പോർട്ട് കിട്ടിയശേഷം ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.