September 19, 2024
NCT
KeralaNewsThrissur News

പോളണ്ടിൽ ജോലിക്കായി പോയ പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം.

അന്തിക്കാട് : പോളണ്ടിൽ ജോലിക്കായി പോയ പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സാധാരണ മരണം എന്ന രീതിയിൽ വിധിയെഴുതി പോസ്റ്റ് മോർട്ടം ചെയ്യാതെ കയറ്റി അയച്ച ആഷിക് രഘു(23)വിന്റെ മൃതദേഹം സംശയം തോന്നിയ പിതാവ് നാട്ടിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കിയപ്പോൾ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി.

സുഹൃത്തുക്കൾക്കൊപ്പം നടന്ന ഈസ്റ്റർ ആഘോഷത്തിലുണ്ടായ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ വീട്ടുകാർക്ക് മറുപടി ലഭിച്ചിട്ടില്ല. പെരിങ്ങോട്ടുകര സ്വദേശികളായ അമ്പാട്ടുവീട്ടിൽ അഭിലാഷ് – ബിന്ദു ദമ്പതിമാരുടെ രണ്ടു മക്കളിലൊരാളാണ് മരിച്ച ആഷിക് രഘു.

ഒരു വർഷം മുൻപാണ്‌ അയൽവാസിയായ യുവാവു മുഖേന ആഷിക് ജോലിതേടി പോളണ്ടിലെത്തിയത്.  മലയാളികളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്. മരിക്കുന്നതിന് ഏതാനും മാസം മുൻപ് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലി തുടങ്ങിയിരുന്നു.

ഏപ്രിൽ ഒന്നിന് ആഷിക് മരിച്ചതായി വീട്ടിൽ സന്ദേശമെത്തി. താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. ഇതുപ്രകാരം സ്വാഭാവികമരണമെന്ന് പോളണ്ടിലെ പ്രോസിക്യൂട്ടർ വിധിയെഴുതി പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം കയറ്റിയയക്കാൻ അനുമതി നൽകി.

ഇതിനിടയിൽ ആഷിക്കിന്റെ സുഹൃത്തുക്കളുടെ സംസാരത്തിൽ സംശയംതോന്നിയ അച്ഛൻ മൃതദേഹം നാട്ടിലെത്തുമ്പോൾ പോസ്റ്റ്‌മോർട്ടം ചെയ്യാനായി പോലീസിൽ അപേക്ഷ നൽകി. ആഷിക്കിന്റെ മരണം നടന്ന ദിവസം ഏഴ് സുഹൃത്തുക്കൾ ചേർന്ന് പാർട്ടിയിൽ പങ്കെടുത്തതായും അവസാനം ഇവർ തമ്മിൽ തർക്കം നടന്നതായും സുഹൃത്തുക്കൾ മാറ്റിപ്പറഞ്ഞെന്ന് കുടുംബം ആരോപിക്കുന്നു.

ആഷിക്കിന്റെ മരണത്തിന് പിന്നിൽ ആരുടെയെങ്കിലും കൈകളുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം ഒഴിവാക്കി മൃതദേഹം കയറ്റി അയച്ചതോടെ ആഷിക്കിന്റെ മരണത്തിന് ഉത്തരവാദികൾ ആയവർ ഒരു തിരശീലക്കപ്പുറം ഉണ്ടെന്നും അവരെ കണ്ടെത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.

Related posts

എടത്തിരുത്തി സർവ്വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പാനലിന് വിജയം.

murali

ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും, അര ലക്ഷം രൂപ പിഴയും.

murali

പോക്സോ കേസ് പ്രതി പിടിയിൽ.

murali
error: Content is protected !!