September 20, 2024
NCT
KeralaNewsThrissur News

തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ റോഡിനു കുറുകെയുള്ള കലുങ്ക് തകർന്നു: വാഹനങ്ങൾക്ക് അപകട ഭീഷണി.

കാഞ്ഞാണി : തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ പെരുമ്പുഴ പാടത്ത് റോഡിന് കുറുകെയുള്ള കലുങ്ക് അപകടാവസ്ഥയിൽ. വാഹനങ്ങൾ കടന്നു പോകുന്ന ഭാഗത്ത് റോഡിനെ താങ്ങി നിർത്തുന്ന ഒരു ഭാഗം തകർന്നു വീണതായാണ് കണ്ടെത്തിയത്. കലുങ്കിന്റെ മറുഭാഗവും തുരങ്കം രൂപപ്പെട്ട് ഏതു നിമിഷവും താഴെ പതിക്കാവുന്ന നിലയിലാണ്.

പാടത്തെ വെള്ളം കെട്ടിക്കിടക്കുന്നത് റോഡിനപ്പുറത്തേക്ക് ഒഴുകുന്നതിനായി തടസ്സം നീക്കാനെത്തിയ തൊഴിലാളികളാണ് കലുങ്ക് അപകടത്തിലാണെന്ന് കണ്ടെത്തിയത്. സംസ്ഥാന പാതയിലൂടെ വാഹനങ്ങൾ ഇടതടവില്ലാതെ ചീറിപ്പായുന്ന റോഡിലാണ് കലുങ്കിന്റെ അടിഭാഗം തകർന്നത് കണ്ടെത്തിയത്.

പെരുമ്പുഴ പാടത്ത് ഒന്നാമത്തെ പാലത്തിന് മുൻപുള്ള കലുങ്കാണ് അപകടാവസ്ഥയിലായത്. ഒരു മീറ്ററോളം വീതിയുള്ള വെള്ളം ഒഴുകുന്ന കലുങ്കിന്റെ മുകൾ ഭാഗത്ത് സ്ലാബുകൾ ഇട്ടാണ് മുകളിൽ ടാർ ചെയ്തിട്ടുള്ളത്.

ഇതിൽ ഒരു വശത്തെ ആരംഭ ഭാഗത്തുള്ള വലിയ തൂണ് പൂർണമായും തകർന്ന് വീണ നിലയിലാണ്. കലുങ്കിന്റെ ഉൾവശത്ത് മറുഭാഗത്തും സമാന രീതിയിൽ സംരക്ഷണ ഭിത്തിയുടെ ഒരുവശം തകർന്നിരിക്കുകയാണ്. ഇവിടെ വലിയ തുരങ്കം രൂപപ്പെട്ടു കഴിഞ്ഞു.

കൊടയാട്ടി പാടശേഖരത്തിൽ നിന്നും വെള്ളം ഒഴുകി പോകാൻ തടസം വന്നതിനെ തുടർന്ന് കലുങ്കിന്റെ ഉൾവശം വൃത്തിയാക്കാൻ വന്ന തൊഴിലാളികളാണ് ഇക്കാര്യം കണ്ടെത്തിയത്. കലുങ്കിന്റെ അടിയിൽ പല ഭാഗത്തും മുകൾ ഭാഗത്തെ സ്ലാബുകൾ അടിയിൽ താങ്ങില്ലാതെ അപകടാവസ്ഥയിലാണെന്ന് തൊഴിലാളികൾ പറഞ്ഞു.

ഇതിന് അടുത്തുള്ള പ്രധാനപ്പെട്ട ഒരു പാലം ഏതാനും വർഷം മുൻപ് ബലക്ഷയം മൂലം ഗാർഡറുകൾ മാറ്റിസ്ഥാപിച്ചിരുന്നു. ടോറസ് ലോറികൾ അടക്കം വാഹങ്ങൾ ചീറിപ്പായുന്ന സംസ്ഥാന പാതയിൽ വലിയ അപകടമാണ് പതിയിരിക്കുന്നത് .

മഴ പെയ്ത വെള്ളം കൂടുമ്പോൾ കലുങ്കിന് ഉള്ളിലൂടെ കൂടുതൽ ജലം പ്രവഹിച്ചാൽ കലുങ്കിന്റെ വശങ്ങൾ ഒലിച്ചുപോയി മുകൾ ഭാഗം താഴേക്ക് പതിക്കാനും സാധ്യത ഏറെയാണ്.

Related posts

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

കരുവന്നൂർ കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസും, കൗൺസിലർ പി.കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവും.

murali

ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു.

murali
error: Content is protected !!