September 21, 2024
NCT
NewsKeralaThrissur News

ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസിൻ്റെ പിടിയിൽ.

ഇരിങ്ങാലക്കുട : ഊരകത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിലായി. പല്ലിശ്ശേരി സ്വദേശി അമ്പാടത്തു വീട്ടിൽ രജീഷിനെയാണ് (40) തൃശൂർ റൂറൽ എസ് പി നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ഊരകം പല്ലിശ്ശേരിയിൽ വച്ച് രജീഷ് ആറാട്ടുപുഴ സ്വദേശി ഷൈജുവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തലയിൽ വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ഷൈജു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഭവത്തിന് കാരണമായി പറയുന്നത്. വാക്കു തർക്കത്തിനിടെ പ്രകോപിതനായ രജീഷ് അപ്രതീക്ഷിതമായി വെട്ടുകത്തിയെടുത്ത് ഷൈജുവിനെ വെട്ടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒരു ചെവി വെട്ടേറ്റ് അറ്റ നിലയിലാണ്.
സംഭവ ശേഷം ഇയാൾ രാത്രി കെട്ടിടത്തിനു മുകളിൽ ഒളിച്ചിരുന്ന് പുലർച്ചെ രക്ഷപ്പെടുകയായിരുന്നു.

നാടുവിടാൻ തയ്യാറെടുത്തു നിൽക്കുകയായിരുന്ന ഇയാളെ തിങ്കളാഴ്ച്ച ഉച്ചയോടെ വെള്ളാങ്ങല്ലൂരിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മുമ്പും കൊലപാതക ശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണ് പിടിയിലായ രജീഷ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഊരകം പല്ലിശ്ശേരിയിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിലിലായിരുന്നു.

ഈ കേസിൽ ജാമ്യത്തിലിരിക്കെയാണ് പുതിയ കേസ്. മദ്യത്തിനടിമയായ ഇയാൾക്ക് ചേർപ്പ് സ്റ്റേഷനിൽ മാത്രം മൂന്ന് കൊലപാതകശ്രമ കേസുകളുണ്ട്. പേരാമംഗലം സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.

ഡി വൈ എസ് പി കെ ജി സുരേഷിൻ്റെ നേതൃത്വത്തിൽ ചേർപ്പ് ഇൻസ്പെക്ടർ കെ ഒ പ്രദീപ്, എസ് ഐ മാരായ പി വി ഷാജി, സജിപാൽ, റാഫേൽ, ഡി വൈ എസ് പി ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി പി ഒ ഇ എസ് ജീവൻ, സി പി ഒ കെ എസ് ഉമേഷ്, സിൻ്റി ജിയോ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

കരുവന്നൂര്‍ എട്ടുമന സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു.

murali

സൗജന്യ സ്പോർട്സ് കിറ്റ് വിതരണവും ,അനുമോദനവും നൽകി.

murali

വേറിട്ട സമരത്തിന് ഫലം കണ്ടു: റോഡിലെ കുടിവെള്ള പൈപ്പിലെ ചോർച്ചയടച്ചു.

murali
error: Content is protected !!