എഴുത്തുകാരൻ സി. രാധാകൃഷ്ണൻ കേന്ദ്രസാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം രാജിവെച്ചു. അക്കാദമി സെക്രട്ടറിക്ക് കത്ത് മുഖാന്തിരമാണ് തന്റെ രാജി അറിയിച്ചത്. സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കേന്ദ്രമന്ത്രിയെക്കൊണ്ട് ഈ വർഷത്തെ അക്കാദമി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യിച്ചതിൽ പ്രതിഷേധിച്ചാണ് താൻ രാജിവെക്കുന്നതെന്ന് സി. രാധാകൃഷ്ണൻ അക്കാദമി സെക്രട്ടറിക്കയച്ച കത്തിൽ വ്യക്തമാക്കി.
ഫെസ്റ്റിവൽ പ്രോഗ്രാം ബ്രോഷറിൽ ഉദ്ഘാടകന്റെയോ പങ്കെടുക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളുടെയോ പേര് പരാമർശിക്കാതെ ‘അക്കാദമി എക്സിബിഷൻ ഉദ്ഘാടനം’ എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. മന്ത്രിയുടെ പേരോടുകൂടിയ പരിപാടിയുടെ വിശദാംശങ്ങൾ പിന്നീട് പുറത്തിറക്കി.
ഈ വ്യക്തിയെ അക്കാദമി വളരെയധികം ആഗ്രഹിച്ചിരുന്നുവെന്നത് വിചിത്രമാണ്, പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം അക്കാദമി പരിപാടിയെ ബാധിക്കില്ലെന്നു വ്യക്തമാവുന്നതുവരെ കാര്യങ്ങൾ മൂടിവെച്ചു – സി. രാധാകൃഷ്ണൻ്റെ രാജിക്കത്തിൽ പറയുന്നു. കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ ആണ് ഈ വർഷത്തെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തത്.