September 20, 2024
NCT
KeralaNewsThrissur News

മഞ്ഞപ്പിത്തം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം – ജില്ലാ കളക്ടര്‍.

തൃശ്ശൂർ : മഞ്ഞപ്പിത്തം പകരുന്നതിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ ഊര്‍ജ്ജിതമാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ നിര്‍ദ്ദേശം നല്‍കി. മഞ്ഞപ്പിത്തം പകരുന്നത് തടയുന്നതിനായുള്ള മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

മഞ്ഞപ്പിത്തം പകരുന്നതിനെതിരെ പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തണം.

എല്ലാ കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷന്‍ നടത്തുന്നുണ്ടെന്ന് വാട്ടര്‍ അതോറിട്ടി ഉറപ്പാക്കണം. എല്ലാ കുടിവെള്ള സ്‌ത്രോതസുകളും ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനും നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) ബി. അനില്‍കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.എം ഷെഫീഖ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പുലര്‍ത്തണം-ഡിഎംഒ

വൈറല്‍ ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി ശ്രീദേവി അറിയിച്ചു. ജില്ലയില്‍ പലയിടത്ത് നിന്നും ഹെപ്പറ്റൈറ്റിസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറല്‍ ഹെപ്പറ്റൈറ്റിസ്

കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ബി വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി, ഡി എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്.

ഹെപ്പറ്റൈറ്റിസ് രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് മറ്റു പല പകര്‍ച്ചവ്യാധി രോഗങ്ങളേക്കാള്‍ കൂടുതല്‍ ദിവസങ്ങളെടുക്കും. എ, ഇ വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 60 ദിവസം വരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 6 മാസം വരെ നീണ്ടേക്കാം.

നമ്മുടെ നാട്ടില്‍ കൂടുതല്‍ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എ, ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. കുഞ്ഞുങ്ങള്‍ക്ക് ഇത് അത്ര ഗുരുതരമാവാറില്ലെങ്കിലും പ്രായപൂര്‍ത്തി ആയവരില്‍ പലപ്പോഴും ഗൗരവകരമാവാറുണ്ട്. നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.

ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതാണ് (മഞ്ഞപ്പിത്തം).

രോഗ പ്രതിരോധ നടപടികള്‍

1. വ്യക്തി ശുചിത്വം

* ആഹാരം കഴിക്കുന്നതിനു മുമ്പും കഴിച്ചതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
* കുഞ്ഞുങ്ങളുടെ കൈയ്യിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിയ്ക്കുക.
* മലവിസര്‍ജ്ജനത്തിനു ശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

2. പരിസര ശുചിത്വം

* തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക.
* മലമൂത്രവിസര്‍ജ്ജനം കക്കൂസില്‍ മാത്രം ചെയ്യുക.
* കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക.
* വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക.
* ഈച്ച ശല്യം ഒഴിവാക്കുക.
* കന്നുകാലി തൊഴുത്തുകള്‍ കഴിവതും വീട്ടില്‍ നിന്ന് അകലെയായിരിക്കണം.
* പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക.

3. ആഹാര ശുചിത്വം.

* ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക.
* പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക.
* പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിയ്ക്കുക.
* കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക.
* കുപ്പിപ്പാല്‍ ഒഴിവാക്കുക.
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കുവാന്‍ ഉപയോഗിയ്ക്കുക.
* വെള്ളം എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക.
* കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിയ്ക്കുക.
* കിണറിനു ചുറ്റും മതില്‍ കെട്ടുക. ഇടക്കിടെ കിണര്‍വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
* ചെറുതും വലുതുമായ കുടിവെള്ള പമ്പിങ്ങ് സ്റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്തുക.
* ഉത്സവങ്ങള്‍, കല്യാണങ്ങള്‍ മറ്റ് ആഘോഷങ്ങള്‍ എന്നിവ നടക്കുന്ന സമയമായതിനാല്‍ പൊതുസ്ഥലങ്ങളില്‍ നിന്നും മറ്റും വാങ്ങി കഴിക്കുന്ന ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം .
* പാനീയങ്ങള്‍ തയ്യാറാക്കുന്നവരും വില്‍പ്പന നടത്തുന്നവരും, വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ഐസ് ബ്ലോക്കുകള്‍ പാനീയങ്ങളില്‍ ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് തയാറാക്കുന്ന ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുക.

യഥാസമയം വിദഗ്ദ ചികിത്സ ആരംഭിച്ചില്ലെങ്കില്‍ ഇത് മരണം വരെ സംഭവിക്കാവുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ തന്നെ ആരംഭിക്കുക വഴി രോഗം കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നത് തടയാനാവും. ഉത്സവാവസരങ്ങളിലും ആഘോഷാവസരങ്ങളിലും പിക്‌നിക് പോകുമ്പോഴും ഭക്ഷണ പാനീയ ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക. കൂടുതല്‍ പേര്‍ക്ക് വയറിളക്കരോഗങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുക.

Related posts

ഹിവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്; കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ.

murali

തളിക്കുളം പഞ്ചായത്തിലെ റോഡുകൾ പൊളിച്ചതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതി വിജലൻസ് അന്വേഷിക്കണം. : ജോസ് വളളൂർ

murali

ചമയവിളക്ക് ആഘോഷം; തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരി മരിച്ചു.

murali
error: Content is protected !!