September 20, 2024
NCT
KeralaNewsThrissur News

പടിയൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി.

ഇരിങ്ങാലക്കുട : നാട്ടുകാര്‍ സഹായിച്ചതോടെ സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീര്‍പ്പുമുട്ടിയിരുന്ന പടിയൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി. പടിയൂര്‍ പഞ്ചായത്ത് വളവനങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന പടിയൂര്‍ വില്ലേജ് ഓഫീസാണ് ജനങ്ങളുടെ സഹായത്തോടെ മോടികൂട്ടി സൗകര്യങ്ങള്‍ ഒരുക്കിയത്.

1998 ഡിസംബറില്‍ പുന്നമറ്റത്ത് മനയില്‍ ദേവകി അന്തര്‍ജനം സൗജന്യമായി നല്‍കിയ അഞ്ചുസെന്റ് സ്ഥലത്താണ് പടിയൂര്‍ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. റോഡരികില്‍നിന്ന് അല്പം ഉള്ളിലേക്ക് മാറി സ്ഥിതി ചെയ്യുന്നതിനാല്‍ സ്മാര്‍ട്ടാക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു.

സര്‍ക്കാര്‍ നല്‍കിയ സഹായധനത്തോടെ ഓഫീസ് കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ടൈലിട്ട് നവീകരിച്ചെങ്കിലും മറ്റ് സൗകര്യങ്ങളൊരുക്കാന്‍ ഫണ്ട് തികഞ്ഞില്ല.
തുടര്‍ന്നാണ് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാര്‍ കെട്ടിടത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായ വാഗ്ദാനങ്ങളുമായി എത്തിയത്.

ഓഫീസിലേക്കാവശ്യമായ ഫര്‍ണിച്ചര്‍, മുഴുവന്‍ മേശകള്‍ക്കും ഗ്ലാസിന്റെ ടോപ്പുകള്‍, പ്രിന്റര്‍, ഫ്രെയിം ചെയ്ത വില്ലേജിന്റെ പൂര്‍ണമായ സ്‌കെച്ച്, തൂക്കം നോക്കുന്നതിനുള്ള മെഷീന്‍, പുറത്ത് ചാരുബഞ്ച്, നൂറോളം ചെടിച്ചട്ടികള്‍ എന്നിവയെല്ലാം സ്ഥാപിച്ചു.

കൂടാതെ തേക്കില്‍ കൊത്തിയ സ്വാഗത ബോര്‍ഡ്, നോട്ടീസ് ബോര്‍ഡിന് പുറമെ പൊതുജനങ്ങള്‍ക്കാവശ്യമായ അറിവുകള്‍ പകരുന്ന ബോര്‍ഡ്, വേസ്റ്റ് ബിന്നുകള്‍, പ്രമുഖരുടെ വചനങ്ങള്‍, മുന്നിലുള്ള മാവില്‍ പക്ഷികള്‍ക്ക് വെള്ളം നല്‍കുന്നതിനുള്ള സംവിധാനം, കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങിയവയെല്ലാം വില്ലേജ് ഓഫീസിനായി നാട്ടുകാര്‍ നല്‍കി.

മറ്റ് വില്ലേജ് ഓഫീസുകള്‍ക്കുതന്നെ മാതൃകയാക്കാവുന്ന തരത്തില്‍ പടിയൂര്‍ വില്ലേജ് ഓഫീസിനെ കെട്ടിലും മട്ടിലും മികവുറ്റതാക്കാന്‍ നാട്ടുകാര്‍ക്കൊപ്പം വില്ലേജ് ഓഫീസര്‍ കെ എസ് ബിന്ദു, വില്ലേജ് അസിസ്റ്റന്റ് കെ എസ് ആഷിക, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ ജെ വിന്‍സന്‍, സ്ലീപ്പര്‍ ഗീത എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts

ഞമനേങ്ങാട് നയന ഗ്രാമീണ വായനശാല വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

murali

ചാമക്കാലയിൽ കട കുത്തിത്തുറന്ന് മോഷണം; ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടു.

murali

ഇരിഞ്ഞാലക്കുടയിൽ ജോലിക്ക് നിന്ന വീട്ടിൽ നിന്നും എ.ടി.എം കാർഡും, സ്വർണാഭരണവും മോഷ്ടിച്ച് കടന്ന ഹോംനേഴ്സ് അറസ്റ്റിൽ.

murali
error: Content is protected !!