ആലപ്പുഴ : 15 വര്‍ഷം മുന്‍പ് മാന്നാറില്‍ കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജിനു, പ്രമോദ്, സോമരാജന് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടന്‍ ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനില്‍കുമാറാണ് കേസിലെ ഒന്നാംപ്രതി.
2009-ലെ ഒരുദിവസം പെരുമ്പുഴ പാലത്തില്‍വെച്ചായിരുന്നു സംഭവം. മാരുതി കാറില്‍ കൊണ്ടുപോയി മൃതദേഹം മറവുചെയ്തെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നോ എങ്ങനെയാണ് മൃതദേഹം മറവുചെയ്തതെന്നോ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
കഴിഞ്ഞദിവസം അനില്‍കുമാറിന്റെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളെന്ന് കരുതുന്ന ചില വസ്തുക്കളും ലോക്കറ്റും ഹെയര്‍ക്ലിപ്പും വസ്ത്രത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു.
കേസിലെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിച്ചേക്കുമെന്ന സൂചനയുണ്ട്. കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മറ്റൊരു എഫ്.ഐ.ആറും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരപുരുഷബന്ധം ആരോപിച്ച് കലയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ എഫ്.ഐ.ആര്.