കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ബിനോയ് തോമസിന്റെ വീട്ടിലെത്തി മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ എന്നിവർ കൈമാറി.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയ്ക്ക് പുറമേ ലോക കേരളസഭയിൽ ബിനോയിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചതിനെ തുടർന്ന് പ്രവാസി വ്യവസായ പ്രമുഖർ ഉൾപ്പെടെ നോർക്ക വഴി നൽകിയ ധനസഹായമാണ് കൈമാറിയത്. സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം, പ്രവാസി വ്യവസായികളായ യൂസഫലി 5 ലക്ഷം, രവി പിള്ള രണ്ട് ലക്ഷം, ഫൊക്കാനാ സംഘടനയുടെ പ്രസിഡന്റ് രണ്ടു ലക്ഷം ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്.
പ്രവാസി പ്രമുഖനായ കെ കെ മേനോൻ രണ്ട് ലക്ഷം രൂപ നോർക്ക മുഖാന്തരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ബിനോയ് തോമസിനെ മകന് ജോലി വാഗ്ദാനം ചെയ്തതായും മന്ത്രിമാർ അറിയിച്ചു.
ബിനോയ് തോമസിന്റെ കുടുംബത്തിന് സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സവിശേഷമായ ശ്രദ്ധയും പരിഗണനയും ഉണ്ടാവുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജാതിമത വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ രാഷ്ട്രീയ ഭേദമന്യേ സഹായം നൽകാൻ ഒന്നിച്ചതിന് മന്ത്രി കെ. രാജൻ നന്ദി അറിയിച്ചു. എൻ. കെ. അക്ബർ എം. എൽ. എ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, മുനിസിപ്പാലിറ്റി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ചു.
