തൃപ്രയാർ ബസ്‌സ്റ്റാൻഡിലെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല. പുതിയ ബസ്‌സ്റ്റാൻഡ് നിർമിക്കുന്നതിന് കച്ചവടസ്ഥാപനങ്ങൾ ഒഴിപ്പിച്ചപ്പോൾ ഇവിടത്തെ സുലഭ് ശൗചാലയങ്ങളും പൂട്ടി. ബസ്‌സ്റ്റാൻഡ് നിർമാണം കഴിയുംവരെ യാത്രക്കാർ എന്തു ചെയ്യുമെന്ന ചോദ്യം ഉയരുന്നുണ്ട്.
എട്ടു കോടി രൂപ ചെലവിട്ടാണ് ബസ്‌സ്റ്റാൻഡ് നിർമിക്കുന്നത്. കെട്ടിടം പൊളിക്കാൻ അനുമതി ലഭിച്ചെങ്കിലും ടെൻഡർ നടപടികളിലേക്ക് കടന്നിട്ടില്ല. ഇതുസംബന്ധിച്ച ഫയൽ ധനകാര്യവിഭാഗത്തിന്റെ പരിഗണനയിലാണ്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുവേണം ടെൻഡർ നടത്തി നിർമാണം തുടങ്ങാൻ.
ബസ്‌സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സ് പൂട്ടിയെങ്കിലും ബസുകൾ സ്റ്റാൻഡിൽ വരുന്നുണ്ട്. ബസ് കാത്തുനിൽക്കുന്നവർ ശൗചാലയം അടച്ചതോടെ വെട്ടിലായി. യാത്രക്കാരും ബസ് ജീവനക്കാരും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മറ്റു മാർഗങ്ങൾ തേടേണ്ട അവസ്ഥയാണ്. ചൊവ്വാഴ്ച നാലമ്പലതീർഥാടനം തുടങ്ങുകയാണ്. ശൗചാലയം അടച്ചത് തീർഥാടകരെയും ബുദ്ധിമുട്ടിക്കും.
കടപ്പാട്: മാതൃഭൂമി.
