ഇരിങ്ങാലക്കുട : 1998ൽ പൂമംഗലം വില്ലേജ് മണക്കോടൻ വീട്ടിൽ ബാലൻ മകൻ രാജേഷ് എന്നയാളെ വെട്ടുകത്തി കൊണ്ട് മാരകമായ വിധത്തിൽ വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതി എടക്കുളം കണിച്ചായി വീട്ടിൽ പൊറിഞ്ചു മകൻ പിയൂസ് (58) 26 വർഷത്തിനു ശേഷം കാട്ടൂർ പോലീസിൻ്റെ പിടിയിലായി.
സംഭവം നടന്നതിനു പിന്നാലെ ഒളിവിൽ പോയ പ്രതി ഇത്രയും കാലം വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാളെ കുറിച്ച് നാട്ടുകാർക്കും, വീട്ടുകാർക്കും ഇപ്പോൾ നേരിയ ഓർമ്മ മാത്രമേയുള്ളൂ.
ലഭിച്ച സൂചനകൾ പ്രകാരം പല മാർഗ്ഗങ്ങളും അവലംബിച്ച് വിവിധ അന്വേഷണ മാർഗ്ഗങ്ങൾ സ്വീകരിച്ചും, വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ചുമാണ് പോലീസ് അവസാനം മുംബൈയിൽ എത്തിയത്. അവിടെ വടേല ഈസ്റ്റ് എന്ന സ്ഥലത്ത് ഒളിവിൽ താമസിക്കുകയായിരുന്ന പീയൂസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാട്ടൂർ സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജുവിന്റെ നേതൃത്വത്തിൽ എ എസ് ഐ അസീസ്, സിവിൽ പോലീസ് ഓഫീസർ ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
