കാട്ടൂർ : കരുവന്നൂർ പുഴയ്ക്ക് കുറുകേ മുനയത്ത് നിർമിച്ച താത്കാലിക ബണ്ട് തകർന്നു. കനത്ത മഴമൂലം കരുവന്നൂർ പുഴയിലുണ്ടായ ഒഴുക്കിലാണ് ബണ്ട് തകർന്നത്. പുഴയിൽ വെള്ളം ഉയർന്ന് പടിഞ്ഞാറോട്ട് ഒഴുക്ക് ശക്തിയായതോടെ മുളംകാലുകളിൽ ചണ്ടിവന്നടിഞ്ഞാണ് ഒരുഭാഗം തള്ളിപ്പോയത്.
കോൾ മേഖലയിൽ കനോലി കനാലിൽനിന്ന് ഓരു വെള്ളം കയറാതിരിക്കാനാണ് കരുവന്നൂർ പുഴയും കനോലി കനാലും സംഗമിക്കുന്ന മുനയം ഭാഗത്ത് വർഷാവർഷങ്ങളിൽ ലക്ഷങ്ങൾ ചെലവിട്ട് താത്കാലിക ബണ്ട് നിർമിക്കുന്നത്. ഇവിടെ സ്ഥിരം ബണ്ട് നിർമിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലതയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു.
കാട്ടൂർ മുനയത്ത് നിർമ്മിച്ച താത്കാലിക ബണ്ട് പൊട്ടിയത് പഴയ മുളകൾ ഉപയോഗിച്ചതു മൂലമുണ്ടായ ബലക്ഷയം കൊണ്ടാണെന്നും സംഭവത്തിൽ അന്വേഷണം നടത്തി അഴിമതിക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ബി ജെ പി കാട്ടൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ബി ജെ പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെറിൻ, ജനറൽ സെക്രട്ടറി സുചി നീരോലി, മണ്ഡലം കമ്മറ്റിയംഗം എൻ ഡി ധനേഷ്, രാജീവ് വേങ്ങശ്ശേരി, ആശിഷ ടി രാജ്, സുലത ജനാർദ്ദനൻ, വിൻസെൻ്റ് ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
