ആലുവയില്‍ മൂന്ന് വയസുകാരിയെ മാതാവ് പുഴയിലെറിഞ്ഞു എന്ന മൊഴിയ്ക്ക് പിന്നാലെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മറ്റക്കുഴി സ്വദേശി കല്യാണിയാണ് മരിച്ചത്. മൂഴിക്കുളം പുഴയില്‍ നിന്നാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു.
ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവിലാണ് മൂഴിക്കുളത്തെ കണ്ണീര്‍ക്കയമാക്കി പിഞ്ചോമനയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും ഉണ്ടായിരുന്നുവെങ്കിലും വെല്ലുവിളികളെയൊക്കെ മറന്ന് ഉറക്കമില്ലാതെ നാടൊന്നാകെ തിരഞ്ഞ ശേഷമാണ് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി കല്യാണിയുടെ ചേതനയറ്റ ശരീരം പുഴയില്‍ നിന്ന് ലഭിക്കുന്നത്.
കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത തേടി പൊലീസ് അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്കെതിരെ ചെങ്ങമനാട് പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു.
