NCT
KeralaNewsThrissur News

വെള്ളക്കെട്ട് ഒഴിയാതെ മനക്കൊടി – പുള്ള് റോഡ് വാഹനയാത്ര നിലച്ചിട്ട് ഒരു മാസം.

അരിമ്പൂർ : മനക്കൊടി – പുള്ള് റോഡിൽ വെള്ളം കയറിക്കിടക്കുന്നതു കാരണം ഇതുവഴി ഗതാഗതം നിലച്ചിട്ട് ഒരു മാസത്തിലേറെയായി. പ്രധാന ചാലിൽ കുളവാഴയും കരിവാരി ചണ്ടിയും നിറഞ്ഞ് കിടക്കുന്നായതിനാൽ വെള്ളം ഒഴിഞ്ഞ് പോകാൻ തടസ്സമായിരിക്കുകയാണ്. ഇത് മൂലം ഒരുപാട് ദൂരം വളഞ്ഞ് സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

കരാഞ്ചിറയിൽ നിന്നും അരിമ്പൂർ, അന്തിക്കാട്, മണലൂർ കോൾ മേഖലകൾ വഴിയാണ് വെള്ളം ഒഴുകി ഏനാമ്മാവ് റെഗുലേറ്റർ വഴി കടലിൽ പോകേണ്ടത്. മഴക്കാലമായാൽ മനക്കൊടി – പുള്ള് പ്രദേശം മുതൽ പെരുമ്പുഴ വരെ കെ എൽ ഡി സി യുടെ പ്രധാന ചാലിൽ കുളവാഴയും അതിനടിയിൽ ചണ്ടിയും കരിവാരിയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. തടസങ്ങൾ നീക്കേണ്ട ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇക്കാര്യത്തിൽ കാണിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് വാരിയം പടവിലും, അഞ്ചുമുറി പടവിലും വെള്ളം ഒഴിയാത്തതിന്റെ കാരണമെന്ന് കർഷകർ ആരോപിച്ചു.

മാത്രമല്ല മനക്കൊടി പുള്ള് റോഡിൽ പലയിടത്തും റോഡ് താഴ്ന്നാണ് കിടക്കുന്നത്. അതിനാൽ ചാലിൽ കുളവാഴകൾ മൂലം ഒഴുക്ക് നിലക്കുമ്പോൾ വെള്ളം റോഡ് കവിഞ്ഞ് പാടശേഖരത്തിലേക്ക് പ്രവഹിച്ച് പലതവണ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. റോഡ് ഒരു മീറ്ററോളം ഉയർത്തണം എന്നാവശ്യപ്പെട്ട് കർഷകർ മന്ത്രിമാർക്കടക്കം നിവേദനം നൽകിയിരുന്നു.

റോഡരുകിലെ മരങ്ങൾ പലതും കടപുഴകി വീണു കിടക്കുകയാണ്. പെരുമ്പുഴ – മണലൂർ പ്രദേശങ്ങളിൽ കൂടുതൽ ചീപ്പുകൾ സ്ഥാപിക്കുകയും ചാലിലെ തടസം യഥാസമയം മാറ്റുകയും ചെയ്തെങ്കിൽ മാത്രമാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ എന്നും കർഷകർ പറയുന്നു.

പുള്ള് വിനോദ സഞ്ചാര കേന്ദ്രത്തിൽ ആളുകൾക്ക് എത്താതായതോടെ കടകൾ എല്ലാം അടക്കേണ്ടി വന്നു. തട്ട് കടകൾ നടത്തുന്ന പലർക്കും വരുമാനം നിലച്ച് ജീവിതം പ്രതിസന്ധിയിലുമാണ്. കൊട്ടവഞ്ചി, പെഡൽ ബോട്ട് തുടങ്ങിയവയും കയറ്റിയിട്ടിരിക്കുകയാണ്.

വാരിയം കോൾപ്പടവ് സെക്രട്ടറി കെ കെ അശോകൻ, വാർഡ് മെമ്പർ കെ രാഗേഷ്, കർഷകസംഘം പ്രസിഡന്റ് ടി വി വിദ്യാധരൻ, പൊതുപ്രവർത്തകൻ ശക്തിധരൻ തുടങ്ങിയവർ വെള്ളം കയറിക്കിടക്കുന്ന പ്രദേശം സന്ദർശിച്ചു.

Related posts

തൃശൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി കെഎസ്ആർടിസി കണ്ടക്ടറുടെ രണ്ടുകാലുകളും നഷ്ടപ്പെട്ടു.

murali

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍: അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ്.

murali

ഡ്രൈ ഡേ നിലവില്‍ വന്നു: ഏപ്രില്‍ 24 വൈകീട്ട് ആറുമുതല്‍ 26ന് വോട്ടെടുപ്പ് ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ.

murali
error: Content is protected !!