തൃശൂർ : കടത്തിണ്ണയിൽ കിടന്നുറങ്ങുന്നതിനെ കുറിച്ചുള്ള തർക്കത്തിൻെറ വൈരാഗ്യത്താൽ കൊല്ലം സ്വദേശിയെ കത്രികകൊണ്ട് കുത്തി വധിക്കാൻ ശ്രമിച്ചകേസിലെ പ്രതിയായ പുല്ലഴി സ്വദേശിയായ കോഴിപറമ്പിൽ വീട്ടിൽ സജീവൻ (55) എന്നയാളെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസിൻെറ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമായ സാഗോക്ക് സ്ക്വാഡും ഈസ്റ്റ് പോലീസും ചേർന്ന് അസിസ്റ്റൻറ് കമ്മീഷണർ കെ ജി സുരേഷിൻെറ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ഗുരുവായൂരിൽ നിന്നും പിടികൂടിയത്.
23.09.2025 തിയ്യതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.കടത്തിണ്ണയിൽ കിടന്നുറങ്ങുന്നതിനെ കുറിച്ചുണ്ടായ തർക്കത്തിൻെറ വൈരാഗ്യത്താൽ ഉറങ്ങാൻ കിടക്കുകയായിരുന്ന കൊല്ലം സ്വദേശിയായ അരുണിനെ പ്രതി കടത്തിണ്ണയിൽ നിന്ന് എഴുന്നേറ്റ് പോകാൻ പറയുകയും എഴുന്നേറ്റ് നടക്കാൻ തുടങ്ങിയ സമയം പ്രതിയുടെ കൈവശമുണ്ടായിരുന്ന കത്രിക കൊണ്ട് അരുണിൻെറ വയറിൽ കുത്തുകയായിരുന്നു. ആഴത്തിൽ പരിക്കുപറ്റിയ അരുൺ മെഡിക്കൽ കോളേജിൽ ചികിത്സതേടുകയും ചെയ്തു.
ഇക്കാര്യത്തിന് ഈസ്റ്റ് പോലീസ് കേസ് റെജിസ്റ്റർ ചെയ്തു. കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമായ സാഗോക്ക് ടീമും ഈസ്റ്റ് പോലീസും കേസിൻെറ അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ ഗുരുവായൂരിൽ വെച്ച് സാഗോക്ക് അംഗങ്ങൾ പ്രതിയെ ഗുരുവായൂരിൽ നിന്നും പിടികൂടുകയുമായിരുന്നു.
അന്വേഷണത്തിൽ പ്രതി കുന്നംകുളം പോലീസ് സ്റ്റേഷൻ, വെസ്റ്റ് പോലീസ് സ്റ്റേഷൻ, ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷൻ, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ അഞ്ചോളം കേസുകളിലെ പ്രതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
അന്വേഷണ സംഘത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ എം ജെ ജിജൊ, സബ് ഇൻസ്പെക്ടർമാരായ ബിപിൻ.പി.നായർ,ഹരീന്ദ്രൻ, ബാലസുബ്രഹ്മണ്യൻ എന്നിവരും സാഗോക്ക് ടീം അംഗങ്ങളായ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പി.കെ പഴനി സ്വാമി, സിവിൽ പോലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, കെ. കൃഷ്ണ പ്രസാദ്, കെ.ബി സുനീപ്, റെജിൻ സി രാജൻ, പി.ടി സിംസൺ, സി. ശ്രീജിത്ത്, പി.ജെ നൈജോൺ, കെ.അരുൺ എന്നിവരാണ് ഉണ്ടായിരുന്നത്.
