സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്ലാറ്റിനം അവാർഡ് കരസ്ഥമാക്കി ഗുരുവായൂർ നഗരസഭ. എറണാകുളം കറുകുറ്റി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് വേദിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും നഗരസഭ ചെയർപേഴ്സൺ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് ഗുരുവായൂർ നഗരസഭയെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്ലാറ്റിനം അവാർഡിനായി തെരഞ്ഞെടുത്തത്.
2023-24 വർഷത്തെ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്കാരം, തുടർച്ചയായി രണ്ട് തവണ സ്വരാജ് ട്രോഫി, മാലിന്യമുക്ത നവകേരള പദ്ധതിയിൽ കേരളത്തിലെ ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ, ഇങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് ഗുരുവായൂർ നഗരസഭ കരസ്ഥമാക്കിയത്.
ഗുരുവായൂർ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.എം ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ അശോക് കുമാർ എന്നിവർ പങ്കെടുത്തു.
