തൃശൂർ : ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി, പുഴയിൽ ചാടി മരിച്ചെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് മുങ്ങി; 3 വർഷത്തിനുശേഷം യുവതി തൃശ്ശൂരിൽ പിടിയിൽ. 2022-ൽ കോഴിക്കോട് നിന്ന് മുങ്ങിയ ചെറുവണ്ണൂർ സ്വദേശിനി വർഷയെയാണ് (30) തൃശൂരിൽ നിന്നു അറസ്റ്റ് ചെയ്തത് . മരിക്കാൻ പോകുകയാണെന്ന് കത്തെഴുതി അറപ്പുഴ പാലത്തിനു സമീപം സ്കൂട്ടർ ഉപേക്ഷിച്ചാണ് യുവതിയെ കാണാതായത്.
സ്പെഷൽ സ്ക്വാഡ് & സൈബർ സെൽ നടത്തിയ ദീർഘാന്വേഷണത്തിനൊടുവിൽ യുവതി ജീവനോടെ ഇരിക്കുന്നതായി തെളിഞ്ഞു. ഒടുവിൽ, തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ പിടിയിലായി.
2022 നവംബറിൽ ഫറോക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 226.5 ഗ്രാം വ്യാജസ്വർണം പണയം വച്ച് 9.10 ലക്ഷം രൂപ കൈക്കലാക്കിയതായും ഒട്ടേറെ വ്യക്തികളിൽ നിന്നു പണം കടം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തി. പുഴയിൽ ചാടി മരിച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കത്തെഴുതി വച്ച് പാലത്തിനു സമീപം സ്കൂട്ടർ നിർത്തി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു.
