NCT
KeralaNewsThrissur News

ഗുരുവായൂർ ഏകാദശി സുരക്ഷ സുസജ്ജം; സുരക്ഷനിർദ്ദേശങ്ങളുമായി ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ.

ഈ വർഷത്തെ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വവും ഗുരുവായൂർ പോലീസും സംയുക്തമായി ഭക്തർക്ക് സുരക്ഷിതമായ ദർശനം ലഭ്യമാക്കുന്നതിനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി. പ്രേമാനന്ദ കൃഷ്ണൻ അറിയിച്ചു.

ഭക്തർക്കുണ്ടാകുന്ന പ്രയാസങ്ങളെല്ലാം വളരെ കൃത്യമായിതന്നെ ദേവസ്വവുമായുള്ള മീറ്റിങ്ങിൽ അവതരിപ്പിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവേണ്ട നടപടികൾ പോലീസും ദേവസ്വവുമായി സംയുക്തമായി എടുത്തിട്ടുണ്ടെന്നും അസിസ്റ്റൻറ് കമ്മീഷണർ വ്യക്തമാക്കി.

അന്നേദിവസം വിശേഷാൽ പൂജയുള്ളതിനാൽ ദർശനം ലഭിക്കുന്നതിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സാഹചര്യമുള്ളതിൽ ഭക്തർക്ക് മഴയോ വെയിലോ കൊള്ളാതെ സൌകര്യപ്രദമായ സ്ഥലത്ത് ക്യൂ നിൽക്കുന്നതിനുള്ള കൃത്യമായുള്ള നിർദ്ദേശം പോലീസ് ദേവസ്വത്തിന് നൽകിയിട്ടുണ്ട്, ക്യൂ നിൽക്കുന്ന ഭക്തർക്ക് കുടിവെള്ളവും ലഘു ഭക്ഷണ സാധനങ്ങളും നൽകുന്നതിനുള്ള നിർദ്ദേശവും ദേവസ്വത്തിന് പോലീസ് നൽകിയിട്ടുണ്ട്. വേണ്ട സംവിധാനങ്ങൾ ഒരുക്കാമെന്നും ദേവസ്വം അറിയിച്ചിട്ടുണ്ട്.

ശബരിമല സീസൺ ആയതിനാൽ ഏകാദശി നാളുകളിലെ കൃത്യമല്ലാത്ത പാർക്കിങ്ങ് മറ്റു ഗതാഗത പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കുന്നതിനായി ദേവസ്വത്തിൻേറയും മുനിസിപാലിറ്റിയുടേയും സ്വകാര്യവ്യക്തികളുടേയും ഉടമസ്ഥതയിലുള്ള പാർക്കിങ്ങ് ഗ്രൌണ്ടുകൾ ഭക്തർക്ക് വാഹനങ്ങൾ പാർക്കുചെയ്യുന്നതിനായി സജ്ജമാക്കിയിട്ടുണ്ട്.

പ്രധാനമായും ഔട്ടർ റിങ്ങിലും ഇന്നർ റിങ്ങിലും ആവശ്യത്തിന് പാർക്കിങ്ങ് ഗ്രൌണ്ടുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇന്നർ റിങ്ങിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗുരുവായൂർ ദേവസ്വത്തിൻെറ കീഴിലുള്ള മൾട്ടിലെവൽ പാർക്കിങ്ങ് ഗ്രൌണ്ടാണ്. ടെംമ്പോ ട്രാവലർ ഉൾപ്പെടെ നാനൂറോളം വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സൌകര്യം ഇവിടെ ലഭ്യമാണ്. RV curve ൽ ഉള്ള അമ്പാടി പാർക്ക്, ഇന്നർ റിങ്ങിലെ വ്യാപാരഭവൻ സമീപമുള്ള മുനിസിപാലിറ്റിയുടെ പാർക്കിങ്ങ് ഗ്രൌണ്ട്, പടിഞ്ഞാറെ നടയിലെ സ്വകാര്യപാർക്കിങ്ങ് ഗ്രൌണ്ടുകൾ, തെക്കേനടയിലെ ദേവസ്വത്തിനുകീഴിലുള്ള പാഞ്ചജന്യം റസ്റ്റ് ഹൌസിന് സമീപത്തുള്ള പാർക്കിങ്ങ് ഗ്രൌണ്ട്, ദേവസ്വം ഹോസ്പിറ്റലിനു സമീപത്തുള്ള പാർക്കിങ്ങ് ഗ്രൌണ്ട്, എന്നിങ്ങനെ പാർക്കിങ്ങ് ഗ്രൌണ്ടുകൾ ക്രമീകരിച്ചിട്ടുണ്ട്.

ഇന്നർ റിങ്ങിലേക്ക് കയറുന്ന വാഹനങ്ങൾക്ക് ആൻറി ക്ളോക്ക് വൈസ് രീതിയിലുള്ള വൺവേയാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിലൂടെ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഏത് പാർക്കിങ്ങ് ഗ്രൌണ്ടിലേക്കും പ്രവേശിക്കാവുന്നതാണ്.
ഒരു പാർക്കിങ്ങ് ഗ്രൌണ്ട് നിറയുന്നതനുസരിച്ച് മറ്റു പാർക്കിങ്ങ് ഗ്രൌണ്ടിലേക്ക് പ്രവേശിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഔട്ടർ റിങ്ങിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ക്ളോക്ക് വൈസ് രീതിയിലുള്ള വൺവേയാണ് ക്രമീകരിച്ചിട്ടുള്ളത്. മഞ്ജുളാലിനുസമീപം ദേവസ്വത്തിൻേറയും മുനിസിപാലിറ്റിയുടേയും കീഴിലുള്ള പാർക്കിങ്ങ് ഗ്രൌണ്ടുകൾ ലഭ്യമാണ്. പടിഞ്ഞാറെ നടയിൽ ദേവസ്വത്തിൻെറ കീഴിലുള്ള വലിയ വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സൌകര്യത്തോടുകൂടിയ പാർക്കിങ്ങ് ഗ്രൌണ്ടും പടിഞ്ഞാറെനടയിലെ മായാ ബസ്റ്റ് സ്റ്റാൻറ്, മാഞ്ചിറയിലെ സ്വകാര്യ വ്യക്തികളുടെ പാർക്കിങ്ങ് ഗ്രൌണ്ടുകളും അതിലുപരി വടക്കേ നടയിൽ മുനിസിപാലിറ്റിയുടെ കീഴിലുള്ള നാനൂറോളം വാഹനങ്ങൾ പാർക്കിങ്ങ് ചെയ്യാവുന്ന മൾട്ടിലെവൽ പാർക്കിങ്ങ് ഗ്രൌണ്ടും സജ്ജമാക്കിയിട്ടുണ്ട്.

ക്രമീകരിച്ചിട്ടുള്ള പാർക്കിങ്ങ് ഗ്രൌണ്ടുകൾ കണ്ടെത്തുന്നതിന്ക്യു ആർ കോഡുകൾ സ്കാൻ ചെയ്ത് കണ്ടെത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. തയ്യാറാക്കിയ ക്യൂ ആർ കോഡുകൾ തൃശൂർ സിറ്റി പോലീസിൻെറ ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലും വാട്സാപ് എന്നിവ വഴിയും അടുത്ത ദിവസങ്ങളിൽ ലഭ്യമാക്കുന്നതാണ്.

പാർക്കിങ്ങ് ഗ്രൌണ്ടുകളിൽ മുനിസിപാലിറ്റിയും ദേവസ്വവും സി സി ടി വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനം പാർക്കുചെയ്യുന്നവർ വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വച്ച് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചു.

അന്നദാനത്തിനായി തെക്കേനടയിലും പടിഞ്ഞാറെ നടയിലുമായുള്ള ഹാളുകളാണ് ദേവസ്വം സജ്ജമാക്കിയിട്ടുള്ളത്. ഈ ഹാളുകളിലേക്കുള്ള ക്യൂ സംവിധാനം കാര്യക്ഷമമായ രീതിയിൽ പോലീസ് ക്രമീകരിച്ചിട്ടുണ്ട്.

കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലുമുള്ള രണ്ട് വലിയ ക്ളോക്ക് റൂമുകൾ ഭക്തജനങ്ങൾ ഉപയോഗിക്കേണ്ടതാണ്. ഈ ക്ളോക്ക് റൂമുകളുടെ സൌകര്യം വർദ്ധിപ്പിക്കുന്നതിനും ദേവസ്വത്തിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ളോക്ക് റൂമുകളിൽ നിന്നും ലഭിക്കുന്ന ടോക്കണുകൾ നഷ്ടപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ സ്ഥലങ്ങളിൽ പോലീസിനെ വിന്യസിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മാലമോഷണം പോലുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി മഫ്തിയിൽ അമ്പലത്തിനകത്ത് കൂടുതൽ പോലീസുകാരെ വിന്യസിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്.

ഭക്തജനങ്ങൾ അവരവരുടെ സുരക്ഷ ആദ്യം അവരവർതന്നെയാണ് ശ്രദ്ധിക്കേണ്ടത്. പോലീസ് നിങ്ങളെ സഹായിക്കാൻ കൂടെയുണ്ടാകും. അവനവൻെറ വിലപെട്ട സാധനങ്ങൾ നഷ്ടപെടാതിരിക്കാനുള്ള ജാഗ്രത എപ്പോഴും ഉണ്ടാകണം. സുരക്ഷാനിർദ്ദേശങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനകത്തേക്ക് ഇലക്ട്രോണിക് സാധനങ്ങൾ അനുവദിക്കുന്നതല്ല അതുമായുള്ള ബോംബ് സ്ക്വാഡിൻെറ പരിശോധനകളിൽ ഭക്തജനങ്ങൾ സഹകരിക്കേണ്ടതാണ്.

ദർശനത്തിനു വരുന്ന ഭക്തർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഉടൻതന്നെ അറിയിക്കുന്നതിനായി അടുത്തുള്ള പോലീസ് കൺട്രോൾ റൂമിൽ ഹെൽപ് ലൈൻ കൌണ്ടർ സൌകര്യം സജ്ജമാക്കിയിട്ടുണ്ട്.

ഈ വർഷത്തെ ഏകാദശി സുരക്ഷിതമായി ആഘോഷിക്കുന്നതിനായി പോലീസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നും ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സി. പ്രേമാനന്ദ കൃഷ്ണൻ അറിയിച്ചു.

Related posts

ഇറിഡിയം തട്ടിപ്പ്: കോയമ്പത്തൂര്‍ സ്വദേശിയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒമ്പത് പേര്‍ അറസ്റ്റില്‍.

murali

നേപ്പാളി പെണ്‍കുട്ടിക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എപ്ലസ്.

murali

നിര്യാതയായി.

murali
error: Content is protected !!