അന്തിക്കാട് : പഞ്ചായത്തിലെ 13ാം വാർഡിലെ തെരഞ്ഞെടുപ്പ് മത്സരത്തിന് ഇത്തവണ വീര്യമേറെയാണ്. നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റും, പ്രതിപക്ഷ നേതാവുമാണ് ഇവിടെ നേർക്കുനേർ ഏറ്റുമുട്ടുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി സിപിഐയിലെ ജീന നന്ദനും യു ഡി എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ശാന്ത സോളമനും തമ്മിലാണ് മത്സരം.
നിലവിലെ അന്തിക്കാട് പഞ്ചായത്തിൻ്റെ പ്രസിഡൻ്റാണ് ജീന നന്ദൻ. ശാന്ത സോളമൻ പ്രതിപക്ഷ നേതാവും. ഇരുവരുടേയും മൂന്നാമത്തെ മത്സരം. 2015 ൽ ഈ വാർഡിൽ കന്നിയങ്കത്തിന് ഇറങ്ങിയ ജീന നന്ദൻ പരാജയപ്പെട്ടിരുന്നു. 2020ൽ 12ാം വാർഡിൽ മത്സരിച്ചു വിജയിച്ച ഇവർ പഞ്ചായത്തു പ്രസിഡൻ്റായി.
കുടുംബശ്രീയിലുടെ പൊതുരംഗത്തേക്ക് വന്ന ശാന്ത സോളമൻ രണ്ട് തവണയും സിപിഐയുടെ കുത്തക വാർഡ് ആയി അറിയപ്പെട്ടിരുന്ന 13ാം വാർഡ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ മൂന്നാം അങ്കത്തിനു ഇറങ്ങിയ ശാന്ത സോളമനിൽ നിന്നും വാർഡ് തിരിച്ചു പിടിക്കുകയാണ് സിപിഐ ലക്ഷ്യം വെക്കുന്നത്.
