ഗുരുവായൂരിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു. ചേലക്കര സ്വദേശിനി സന്താനവല്ലിയാണ് കൊല്ലപ്പെട്ടത്. ബലാത്സംഗശ്രമത്തിനിടയിലാണ് കൊലപാതകമെന്ന് പോലീസ് പ്രാഥമിക നിഗമനം.
റെയിൽവേ ഗേറ്റിന് സമീപത്തെ വാടകവീട്ടിലെ കിണറ്റിൽ ഇന്നലെ (ശനി 11.07.2026) രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. സുരേഷ് കുമാറും സുഹൃത്തും ചേർന്ന് മദ്യപിക്കുന്നതിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
തുടർന്ന് സുഹൃത്ത് പോലീസിൽ വിവരം അറിയിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്‌ചയായി ഗുരുവായൂർ ക്ഷേത്ര പരിസരത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിന് ശേഷമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു
