തൃപ്രയാർ : തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇന്ന് (ഞായറാഴ്ച.) ഉച്ചക്ക് 2.15-നും 3.15-നും ഇടക്കാണ് പുറപ്പാട് ചടങ്ങുകൾ നടക്കുക. എറണാകുളം ശിവകുമാർ തേവരുടെ സ്വർണക്കോലമേറ്റും. ചെറുശ്ശേരി കുട്ടൻമാരാരുടെ പ്രാമാണ്യത്തിൽ മേളം അകമ്പടിയാകും.
മൂന്നാനകളോടെ പടിഞ്ഞാറേ നടപ്പുരയിലെത്തുന്ന തേവർ അവിടെ നിന്ന് അഞ്ച് ആനകളോടെ സേതുകുളം ആറാട്ടിന് പുറപ്പെടും. ആറാട്ടിനു ശേഷം മടങ്ങുന്ന തേവർക്ക് പടിപ്പുരയ്ക്കൽ പടിക്കൽനിന്ന് പാണ്ടിമേളം അകമ്പടിയാകും. ക്ഷേത്രത്തിലെത്തിയാൽ തേവർക്ക് ചെമ്പിലാറാട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സ്വർണക്കോലത്തിൽ മൂന്നാനകളോടെ നടയ്ക്കൽപ്പൂരത്തിനെഴുന്നള്ളുന്ന തേവർ പുത്തൻകുളത്തിൽ ആറാടും. വൈകീട്ട് ഓലക്കുടചൂടി കാട്ടൂർ പൂരത്തിന് യാത്രയാകും.
ആനയുടെ നേർക്ക് നാണയം വലിച്ചെറിയരുത്.
ശ്രീരാമക്ഷേത്രത്തിലെ മകീര്യം പുറപ്പാട് സമയത്ത് തേവരുടെ കോലം വഹിക്കുന്ന ആനയുടെ നേർക്ക് നാണയം വലിച്ചെറിയരുതെന്ന് ദേവസ്വം മാനേജർ അറിയിച്ചു. കടുത്ത ചൂടുള്ള സമയത്താണ് പുറപ്പാട് നടക്കുന്നത്. നാണയമെറിയുന്നത് ആനയെ അസ്വസ്ഥമാക്കും. കാണിക്കയിടാൻ കിഴക്കേനടയിൽ സൗകര്യമേർപ്പെടുത്തുമെന്നും മാനേജർ അറിയിച്ചു. ഗ്രാമപ്രദക്ഷിണത്തിന് തേവർ എഴുന്നള്ളുമ്പോൾ പറകൾ നേരത്തെ നിറച്ചുവയ്ക്കണം.
