തളിക്കുളം : റോഡരികിൽ തള്ളിയ ബാർബർ ഷോപ്പിൽനിന്നുള്ള മാലിന്യം ഇട്ടവരെ കൊണ്ടു തന്നെ തിരിച്ചെടുപ്പിച്ചു. പുതിയങ്ങാടിയിലെ കെ.എച്ച്.എസ്. സലൂണിൽ നിന്നുള്ളവയാണിവയെന്ന് പരിശോധനയിൽ മനസ്സിലായി. തുടർന്ന് സ്ഥാപന ഉടമ വാടാനപ്പള്ളി അമ്പലത്ത് വീട്ടിൽ കാസിമിനെ ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയായിരുന്നു.
തളിക്കുളം ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡിലെ സി.എം.എസ്. സ്‌കൂളിന് മുന്നിൽനിന്ന് കിഴക്കോട്ടുള്ള റോഡരികിലാണ് മുടിയും പ്ലാസ്റ്റിക് മാലിന്യവും ഉൾപ്പെടെയുള്ളവ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി തള്ളിയത്. മാലിന്യം തള്ളിയതിന് തളിക്കുളം, നാട്ടിക ഗ്രാമപ്പഞ്ചായത്തുകൾ പിഴ ചുമത്തിയിട്ടുണ്ട്
തളിക്കുളം ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് മുജീബ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി. സുജിത്ത്, ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥ സിനി, ഗ്രാമപ്പഞ്ചായത്ത് അംഗം വിനയ പ്രസാദ്, ആശാ വർക്കർ പ്രമീള, അങ്കണവാടി വർക്കർ ശോഭ, നാട്ടിക ഗ്രാമപ്പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റീജ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
