September 21, 2024
NCT
KeralaNewsThrissur News

വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് വള്ളങ്ങള്‍ പിടികൂടി.

ചാവക്കാട് : മണ്‍സൂണ്‍ക്കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ചും വ്യാജ കളര്‍കോഡ് അടിച്ചതുമായ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള യാനങ്ങള്‍ പിടികൂടി ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ച്ച പച്ച കളര്‍കോഡ് മാറ്റി കേരള യാനങ്ങള്‍ക്ക് അനുവദിച്ച നീല കളര്‍കോഡ് അടിച്ച് കേരള വള്ളങ്ങള്‍ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്.

കന്യാകുമാരി കൊളച്ചല്‍ സ്വദേശികളായ സഹായ സര്‍ച്ചില്‍, ഹിറ്റ്‌ലര്‍ തോമസ്, സ്റ്റാന്‍ലി പോസ്മസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള യാനങ്ങളാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ബ്ലാങ്ങാട് നിന്ന് പിടിച്ചെടുത്തത്. ഈ യാനങ്ങള്‍ക്ക് മൊത്തം 60,000 രൂപ പിഴ ഈടാക്കി, കസ്റ്റഡില്‍ സൂക്ഷിച്ചിരുന്ന എട്ട് എഞ്ചിനുകളും യാനങ്ങളും ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കി.

ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള തീരക്കടലിലും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് കന്യാകുമാരി ഭാഗത്ത് നിന്ന് വന്ന മൂന്ന് ഫൈബര്‍ വഞ്ചികള്‍ ചാവക്കാട് ബ്ലാങ്ങാട് പിടിച്ചെടുത്തത്.

ജില്ലാ ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പരിശോധന സംഘത്തില്‍ എഫ്.ഇ.ഒ ശ്രുതിമോള്‍, എ.എഫ്.ഇ ഒ സംനാ ഗോപന്‍, മെക്കാനിക്ക് ജയചന്ദ്രന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഉദ്യേഗസ്ഥരായ വി.എന്‍ പ്രശാന്ത് കുമാര്‍, വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, അന്‍സാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ട്രോളിങ് നിരോധന സമയത്ത് ഇതര സംസ്ഥാന ബോട്ടുകള്‍, വഞ്ചികള്‍, വള്ളങ്ങള്‍ എന്നിവ ജില്ലയുടെ തീരത്ത് മീന്‍പിടിക്കാനും മീന്‍ ഇറക്കാനും പാടില്ലെന്ന നിയമം പാലിക്കാത്തതിനാണ് ഫിഷറീസ് വകുപ്പ് നടപടി എടുത്തത്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.

Related posts

കിഴുപ്പിള്ളിക്കരയിലെ ലഹരി-ഗുണ്ടാ മാഫിയകളെ അമർച്ച ചെയ്യണം – സി.പി.ഐ

murali

കണ്ണൂര്‍ എരഞ്ഞോലിയില്‍ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു.

murali

നാട്ടിക ബീച്ചില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി.

murali
error: Content is protected !!