അരിമ്പൂർ : മനക്കൊടി – പുള്ള് റോഡരികിലുള്ള വാരിയം പടവിലെ മോട്ടോർ ഷെഡ്ഡിലെ വൈദ്യുതി മീറ്ററും പാനൽബോർഡും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം.
ഉഗ്രശബ്ദം കേട്ടയുടൻ മോട്ടോർ ഡ്രൈവറും സഹായിയും പുറത്തേയ്ക്കോടിയതിനാൽ വൻ ദുരന്തമൊഴിവാക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ കെഎസ്ഇബി ജീവനക്കാരെത്തി അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തി.
ആകെ ഒരു മോട്ടോർ മാത്രം ഉള്ള ഈ പടവിലേക്ക് മറ്റൊരു മോട്ടോർ കൂടി അനുവദിക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് പടവ് പ്രസിഡൻറ് കെ സി പുഷ്ക്കരനും, സെക്രട്ടറി കെ കെ അശോകനും പറഞ്ഞു.
സമീപത്തെ ട്രാൻസ്ഫോർമറിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായത് മൂലം വൈദ്യുത ലൈനിൽ അമിത ലോഡോ വോൾട്ടേജ് വ്യതിയാനമോ വന്നതാകും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാൽ ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പടവ്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു .
