തൃശൂർ : 5 വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ആസാം സ്വദേശി ജമാൽ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2023 മാർച്ചിൽ മുപ്ലിയത്തുള്ള കോൺക്രീറ്റ് ബ്രിക്‌സ് കമ്പനിയിൽ വെച്ചാണ് 5 വയസുള്ള നജ്റുൾ ഇസ്ലാമിനെ കൊലപ്പെടുത്തിയത്. കുടുംബ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
മരണപ്പെട്ട കുഞ്ഞിൻ്റെ അമ്മ നജ്മ ഖാത്തൂൺ അച്ഛൻ ബഹാരുൾ എന്നിവർ ബ്രിക്സ് കമ്പനിയിലെ ജോലിക്കാരായിരുന്നു. കമ്പനിയിൽ തന്നെ ആയിരുന്നു താമസിച്ചിരുന്നത്. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാൽ ഹുസൈൻ അവിടേക്ക് സംഭവത്തിൻ്റെ തലേ ദിവസം വന്നതാണ്.
നാട്ടിലെ സ്വത്തുതർക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്ന പ്രതി, അത് കാണിക്കാതെ നജ്മയോടും കുടുംബത്തോടു ഒപ്പം രാത്രി കഴിയുകയും പിറ്റേ ദിവസം രാവിലെ 7 മണിക്ക് നജ്മയുടെ ഭർത്താവും മറ്റു പണിക്കാരും ജോലിക്കായി ഫാക്ടറിയിൽ കയറിയ ഉടനെ
അടുക്കളയിൽ ജോലി ചെയ്തിരുന്ന നജ്മയെ ചക്ക വെട്ടിവെച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും അടുത്ത് ഇരുന്ന് ഭക്ഷണം കഴിച്ചിരുന്ന 5 വയസുകാരൻ മകൻ നജുറുൾ ഇസ്ലാം എന്ന കുഞ്ഞിനെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.
ആക്രമണത്തിൽ നജ്മയുടെ വിരൽ അറ്റുപോവുകയും രണ്ടു കയ്യുടെ എല്ലൊടിയുകയും തലയിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. കുഞ്ഞ് സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഇതിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജോലിക്കാരും കൂടി പിടിച്ച് കെട്ടിയിട്ടു പോലീസ് ഏല്പിക്കയായിരുന്നു.
വരന്തരപ്പിള്ളി പോലീസ് FIR ഇട്ട കേസിൽ അന്വേക്ഷം നടത്തി കുറ്റപത്രം സമർപ്പിച്ചത് വരന്തരപ്പിള്ളി സി.ഐ. ജയകൃഷ്ണൻ S ആയിരുന്നു. സംഭവസമയം മാനസീക അസുഖമാണെന്നും പ്രതിയെ കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും പ്രതിക്ക് വേണ്ടി ആസാമിൽ നിന്നും കേരളത്തിൽ നിന്നും ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദമെടുത്തു.
