ചാലക്കുടി : പരിയാരം പള്ളി അമ്പ് പ്രദക്ഷിണം നടക്കുന്നതിനിടയിൽ സമീപത്തുളള അമ്പലത്തിന് മുൻവശത്തുള്ള റോഡിൽ വെച്ച് പ്രദക്ഷിണം കാണുവാനെത്തിയ കൂടപ്പുഴ സ്വദേശി ആദി കൃഷ്ണൻ (23), എലിഞ്ഞിപ്ര സ്വദേശി ജോയൽ (23), ചാലക്കുടി സ്വദേശി അമർ മാലിക് (23) എന്നിവരെ കത്തി കൊണ്ട് കുത്തി പരിക്കേല്പിച്ച പ്രതികൾ പോലീസിൻ്റെ പിടിയിൽ.
കേസിലെ പ്രതികളായ പരിയാരം അറക്കൽ വീട്ടിൽ പോളി മകൻ മാർട്ടിൻ (28), കനകമല ഇരിങ്ങാംപിള്ളി വീട്ടിൽ ബാബു മകൻ അഖിൽ (27), പരിയാരം പാലാട്ടി വീട്ടിൽ വിൻസെൻ്റ് മകൻ ഷെറിൻ (37), ആളൂർ വെള്ളാഞ്ചിറ വാളിയാങ്കൽ വീട്ടിൽ ജോയി മകൻ ഡെനീഷ് (38), ചാലക്കുടി കിഴക്കേ പോട്ട കളപ്പറമ്പൻ വീട്ടിൽ ആൻ്റു മകൻ ലിൻ്റോ, പരിയാരം തെക്കിനിയേടത്ത് വീട്ടിൽ ആൻ്റു മകൻ മെബിൻ (38) എന്നിവരെയാണ് ചാലക്കുടി ഡി വൈ എസ് പി കെ സുമേഷിന്റെ നേതൃത്വത്തില്‍ സർക്കിൾ ഇൻസ്പെക്ടർ എം കെ സജീവൻ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളില്‍ മെബിന്‍ ആന്റു പുതുക്കാട് പോലീസ് സ്റ്റേഷനില്‍ 2022ൽ ടോള്‍ പ്ലാസ അടിച്ചു തകര്‍ത്ത് നാശനഷ്ടം വരുത്തിയ കേസിലും, 2023ല്‍ അപകടകരമായ രീതിയില്‍ ടിപ്പര്‍ ലോറി ഓടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത കേസിലും പ്രതിയാണ്.
മറ്റൊരു പ്രതിയായ ലിന്റോ 2008ൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെ കളവ് കേസ്,
2023ല്‍ പാലക്കാട് ഹേമാംബിക പോലീസ് സ്റ്റേഷനിലെ കഞ്ചാവ് കടത്തിയ കേസ്, 2024ൽ ചാലക്കുടി പോലീസ് സ്റ്റേഷനിലെ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ച കേസ് എന്നിവയിലെ പ്രതിയാണ്. ലിന്റോയും മെബിനും വാഹനത്തിൽ മൂന്നാർ വഴി തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്.
അങ്കമാലി സ്വദേശിയായ മാനസാന്തരപ്പെട്ട മുൻ കുറ്റവാളി ലിന്റോയെ ബാറിൽ മദ്യപിക്കുന്ന നിലയിൽ കണ്ട് ചാലക്കുടി ഡി വൈ എസ് പിക്ക് വിവരം കൈമാറുകയായിരുന്നു. ബാറിൽ മദ്യപിക്കവേ ഉച്ചത്തിൽ ചാലക്കുടിയെയും മറ്റും പരാമർശിച്ചതാണ് ഇയാളുടെ ശ്രദ്ധ ഇവരിലേക്ക് തിരിയാൻ കാരണമായത്. ഡി വൈ എസ് പിയുടെ ആവശ്യ പ്രകാരം സംശയിക്കപ്പെട്ടവരുടെ ഫോട്ടോകൾ വാട്‌സാപ്പ് വഴി അയച്ചു നൽകിയതോടെയാണ് പോലീസ് അന്വേഷിക്കുന്നവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പോലീസ് സംഘം ബാറിലേക്ക് കുതിച്ചെത്തി ഇരുവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തില്‍ എസ് ഐ മാരായ പി വി പാട്രിക്, ഇ ആർ സിജിമോൻ, ജോഫി ജോസ്, കെ എസ് ഉണ്ണികൃഷ്ണൻ, ഹരിശങ്കർ പ്രസാദ്, വി ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, സീനിയർ സി പി ഓമാരായ എ യു റെജി, എം ജെ ബിനു, ഷിജോ തോമസ്, ആൻസൺ പൗലോസ്, ബൈജു, സി പി ഓമാരായ പി വി ബിനു, മാർട്ടിൻ പോൾ എന്നിവരും ഉണ്ടായിരുന്നു.
