തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടികൊന്നു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വെള്ളച്ചാലിലെ ഊര് നിവാസി പ്രഭാകരൻ(60) നാണ് മരിച്ചത്. പ്രദേശവാസികൾ വിവരമറിയിച്ച തിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പീച്ചി വനംവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരുമടക്കമുള്ളവരുടെ സംഘം ഈ മേഖലയിലേക്ക് തിരിച്ചു.
രാവിലെ 7 മണിയോടെയാണ് പ്രഭാകരൻ മകൻ മണികണ്ഠനും മരുമകൻ ലിജോയ്ക്കുമൊപ്പം വന വിഭവങ്ങൾ ശേഖരിക്കാൻ കാടുകയറിയത്. പീച്ചി റേഞ്ചിലെ ഉൾക്കാട്ടിലുള്ള അമ്പഴച്ചാൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടെ പ്രഭാകരനെ കാട്ടാന ആക്രമിച്ചു.
മരുമകനും മകനും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഇരുവരും ഊരിലെത്തിയാണ് ആക്രമണ വിവരം ഊര് നിവാസികളെ അറിയിച്ചത്. വിവരമറിഞ്ഞ് പീച്ചി വനം – പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകും.
