ഇരിങ്ങാലക്കുട : ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശിയായ റിട്ട. അധ്യാപകനിൽ നിന്ന് 45 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് ബേപ്പൂർ നടുവട്ടം സ്വദേശി മാനകത്ത് വീട്ടിൽ ജാസിർ (32), കോഴിക്കോട് പുതിയങ്ങാടി കോയ റോഡ് സ്വദേശി ഷക്കീൽ റഹ്മാൻ (32) എന്നിവരെയാണ് കാട്ടൂർ സി.ഐ ഇ.ആർ. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
ആദിത്യ ബിർള മണി ലിമിറ്റഡ് എന്ന ട്രേഡിങ് കമ്പനിയുടെ വിലാസവും ലോഗോയും ഉപയോഗിച്ച് വ്യാജ ഓൺലൈൻ ട്രേഡിങ് സൈറ്റ് നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്. കാട്ടൂർ സബ് ഇൻസ്പെക്ടർ നൗഷാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി.ജി. ധനേഷ്, നിബിൻ, ഷൗക്കർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
