വാടാനപ്പള്ളിയിൽ സുഹൃത്ത് സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടും, തലയ്ക്കടിച്ചും കൊലപ്പെടുത്തി. പ്രതിയെ പോലീസ് പിടികൂടി. തൃത്തല്ലൂർ മൊളുബസാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അടൂർ, പത്തനംതിട്ട സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ അനിൽകുമാർ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
മദ്യപിച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സുഹൃത്ത് അനിൽ കുമാറിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. സുഹൃത്ത് തന്നെയാണ് വിവരം ഉടമയെ അറിയിച്ചത്. തുടർന്ന് ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊലപാതകത്തിൽ സഹ പ്രവർത്തകനായ സ്ഥാപനത്തിലെ ജോലിക്കാരൻ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോ (39) യെ പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യ ലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
