വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന്മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ.ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി തളിക്കുളം സെന്ററിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത് അബദ്ധ പഞ്ചാംഗമാണ്. വാർഡ് വിഭജനം അനുസരിച്ച് വീടുകളെ ക്രമീകരിക്കാൻ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. സി.പി.എം. ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥന്മാർ യു.ഡി.എഫ് വോട്ടർമാരെ, നീക്കം ചെയ്തും, വിവിധ വാർഡുകളിൽ വിന്യസിച്ചുമാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നാഷണൽ ഹൈവേ 66 ന്റെ പണിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ പഞ്ചായത്തിന് ലഭിച്ചിട്ടും ഇതുവരെ പഞ്ചായത്ത് ഓഫീസ് കെട്ടിടം പണിയെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, കുടുംബശ്രീ ഓഫീസ് എന്നിവ ഇന്നും പലയിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
ഉമ്മൻചാണ്ടി സർക്കാറിന്റെ കാലഘട്ടത്തിൽ പണിതീർത്ത തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കാൻ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ജൽജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പിടുന്നതിന് വെട്ടിപ്പൊളിച്ച് റോഡുകൾ ഇന്നും സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.
സാധാരണക്കാരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള പൊതുസ്മശാനം ഇന്ന് മാലിന്യം കൊണ്ടുവന്നിടുന്ന കേന്ദ്രമായി. നൂറുകണക്കിന് ആളുകൾ താമസിക്കുന്ന ഉന്നതികളിൽ നിരവധി വീടുകൾ താമസ യോഗ്യമല്ല. അത് പുനർ നിർമിക്കാൻ ഒരു നടപടിയും ഇല്ല. തളിക്കുളം ഗ്രാമപഞ്ചായത്ത് ഭരണം പോസ്റ്റ്മോർട്ടം നടത്താൻ മോർച്ചറിയിൽ കിടത്തിയിരിക്കുന്ന മൃതദേഹത്തിന് തുല്യമാണ്. 10000 കണക്കിന് കോടി രൂപയുടെ അഴിമതി നടക്കുന്ന നാഷണൽ ഹൈവേയുടെ പണി ഉയർത്തി കാണിച്ചാണ് ഇടതുപക്ഷം മുന്നോട്ടുപോകുന്നത്.
കനോലി കനാലിലെ ചളിയും, ഇത്തളും നിറഞ്ഞ മണ്ണാണ് നാഷണൽ ഹൈവേയുടെ പണിക്ക് വേണ്ടി ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത് റോഡുകൾ തകരാൻ കാരണമാകും. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. സമുന്നത സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സർവകക്ഷി അനുശോചനയോഗം പോലും സംഘടിപ്പിക്കാൻ തളിക്കുളത്ത് സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പാർട്ടിക്ക് അകത്തെ വിഭാഗീയതയുടെ നേർസാക്ഷ്യമാണ് ഈ സംഭവം എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
മുസ്ലിം ലീഗ് തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി എം അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റഹ്മത്തുള്ള,ട്രഷറർ വി. സി. അബ്ദുൽ ഗഫൂർ, വി കെ നാസർ, പി കെ ഖാലിദ്, എ. എ.അബൂബക്കർ,വി. വി. അബ്ദുൾ റസാഖ്, കെഎംസിസി നേതാക്കളായ വി. യു. മുഹമ്മദ് ഹനീഫ, പി എം സിദ്ദീഖ്, പി എം സലിം, എ. എ.ആസിക്ക്,പി. ബി. ഹംസ, ഇ. കെ. ഖാലിദ് കെ. എസ്. സുബൈർ, പി. കെ. മജീദ് എന്നിവർ പ്രസംഗിച്ചു..
