ഒല്ലൂർ പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത കൊലപാതക കേസിലേക്ക് മരോട്ടിച്ചാൽ സ്വദേശി പ്രതിയ്ക്കെതിരെ സാക്ഷിപറയാതിരിക്കുന്നതിനായി പ്രതി നിർണ്ണായക സാക്ഷിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഭീഷണിപെടുത്തിയ കേസിലെ പ്രതിയായ മാന്ദാമംഗലം മരോട്ടിച്ചാൽ സ്വദേശിയായ വെട്ടികുഴച്ചാലിൽ വീട്ടിൽ കുഞ്ഞുമോൻ എന്നുവിളിക്കുന്ന ഷെറി (29) എന്നയാളുടെ ജാമ്യമാണ് ഒല്ലൂർ പോലീസ് നൽകിയ അപേക്ഷയിൽ കോടതി റദ്ദുചെയ്ത് പ്രതിയെ റിമാൻറ് ചെയ്തത്.
2010 വർഷത്തെ കൊലപാതകകേസിലേക്ക് മരോട്ടിച്ചാൽ സ്വദേശി ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ സാക്ഷിപറയുമെന്ന് മനസ്സിലാക്കിയ പ്രതി 2025 സെപ്തംബർ 9 ന് നിർണ്ണായക സാക്ഷിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ഭീഷണിപെടുത്തുകയായിരുന്നു. ഇക്കാര്യം സാക്ഷി കോടതിയിൽ അറിയിക്കുകയും പിന്നീട് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയും ചെയ്തു.
പരാതിയിൽ ഒല്ലൂർ പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഈ കേസിലേക്ക് പ്രതിയുടെ ജാമ്യം റദ്ദുചെയ്യുന്നതിനായും മറ്റു തുടർ നടപടികൾ സ്വീകരിക്കുന്നതിലേക്കായി ഒല്ലൂർ പോലീസ് ഇൻസ്പെക്ടർ പി എം വിമോദ് സമർപ്പിച്ച റിപോർട്ടിലാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദുചെയ്ത് പ്രതിയെ കോടതി റിമാൻറുചെയ്തത്.
നിർഭയമായും നിഷ്പക്ഷമായും കോടതിയിൽ സാക്ഷി പറയുവാൻ വരുന്നവരെ ഭീക്ഷണിപ്പെടുത്തുന്ന പ്രതികൾക്കുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസ് പറഞ്ഞു.
