കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം എസ്പി സൈബർ ഓപ്പറേഷൻസ് സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിൽ തൃശ്ശൂർ റൂറൽ പോലീസിന് മികച്ച നേട്ടം. CEIR (Central Equipment Identity Register) പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത പരാതികളിൽ അന്വേഷണം നടത്തി നാളിതുവരെയായി നഷ്ടപ്പെട്ട 489 മൊബൈൽ ഫോണുകളാണ് തൃശ്ശൂർ റൂറൽ പോലീസ് ഉടമസ്ഥർക്ക് കണ്ടെത്തി നൽകിയത്.
ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തുടനീളം നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാത്രം തൃശ്ശൂർ റൂറൽ ജില്ലയിൽ നഷ്ടപ്പെട്ട 52 മൊബൈലുകൾ വീണ്ടെടുത്തത്. അസം, വെസ്റ്റ് ബംഗാൾ, ഡൽഹി, യുപി, കർണാടക, തമിഴ്നാട് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അവിടുത്തെ പോലീസിന്റെ സഹായത്തോടെയാണ് 38 ഫോണുകൾ കണ്ടെത്തിയത്. ഈ ഫോണുകൾ കൊറിയർ മുഖേന അയച്ച് വാങ്ങുകയായിരുന്ന. ബാക്കിയുള്ളവ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നാണ് കണ്ടെത്തിയത്.
സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വീണ്ടെടുത്ത ഫോണുകൾ 12-03-2026 തിയ്യതിയിൽ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലുള്ള തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ വെച്ചും തൃശ്ശൂർ റൂറലിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വെച്ചും ഉടമസ്ഥർക്ക് തിരികെ നൽകി
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്.-ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ 24 ഫോണുകളും, ബാക്കിയുള്ളവ ജില്ലയിലെ വിവിധ ലോക്കൽ പോലീസ് സ്റ്റേഷനുകളും ചേർന്നാണ് വീണ്ടെടുത്തത്. നഷ്ടപ്പെട്ട ഫോണുകളെ ശാസ്ത്രീയമായ രീതിയിൽ നിരന്തരം നിരീക്ഷിക്കുകയും തൃശ്ശൂർ റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ഇടപെടലുകളുമാണ് ഈ നേട്ടത്തിന് പിന്നിൽ.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ CEIR പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തൃശ്ശൂർ റൂറൽ പോലീസ് വിപുലമായ ബോധവൽക്കരണം നടത്തിയിരുന്നു. ഇത്തരം സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്നും, പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട ഫോണുകൾ വളരെ വേഗത്തിൽ കണ്ടെത്താനാകുമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.
