ഇരിങ്ങാലക്കുട : മാളയിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയ കേസിൽ വെള്ളാങ്ങല്ലൂർ സ്വദേശി തറയിൽ വീട്ടിൽ റിജുവിനെ (25) തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി എം സി കുഞ്ഞുമൊയ്തീനും സംഘവും പിടി കൂടി. ഈ മാസം എട്ടാം തിയ്യതി മാള കടുപ്പൂക്കരക്കടുത്ത് ചേരിയേക്കര പാലത്തിനടുത്തു നിന്നാണ് ഇയാൾ സ്കൂട്ടർ മോഷ്ടിച്ചത്.
മോഷണം നടത്തിയ സ്കൂട്ടർ ഇരിങ്ങാലക്കുടയിൽ നിന്ന് പോലീസ് സംഘം കണ്ടെടുത്തു.
പത്തോളം മോഷണ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ റിജു. കാട്ടൂർ സ്റ്റേഷൻ പരിധിയിൽ മറ്റൊരു സ്കൂട്ടർ മോഷണ കേസിൽ ജയിലിലായിരുന്ന ഇയാൾ മാസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾ വേറെയും ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയിട്ടുള്ളതായി സംശയിക്കുന്നതായും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും ഡി വൈ എസ് പി അറിയിച്ചു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ നാലും, മാള പോലീസ് സ്റ്റേഷനിൽ രണ്ടും, കൊടുങ്ങല്ലൂർ, മതിലകം, കാട്ടൂർ, തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിൽ ഒന്നു വീതവും മോഷണ കേസുകൾ ഇയാളുടെ പേരിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ മനോജ് ഗോപി, മാള സർക്കിൾ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ് ഐ അബ്ദുൾ ജലീൽ, സീനിയർ സി പി ക മാരായ ഇ എസ് ജീവൻ, എ ബി.സബീഷ്, കെ ആർ രഞ്ജിത്ത്, സി പി ഓ മാരായ എം.ആർ രാഗിൻ, സി പി ഓ മാരായ കെ എസ് ഉമേഷ്, ലിഖേഷ് കാർത്തികേയൻ, എം ഷാബു, മുരളി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
