അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുക്കുന്നവരെ കരിക്കുകൊണ്ട് മർദ്ദിച്ചതായി പരാതി. രണ്ട് സിപിഎം പ്രവർത്തകർ ഉൾപ്പെടെ ആറ് പേരാണ് മർദ്ദനമേറ്റുവെന്ന പരാതിയുമായി രംഗത്തെത്തിയത്. വെളുത്തൂർ സ്വദേശികളും സി പി ഐ എം പ്രവർത്തകരുമായ സി കെ മിഥുൻ (23), വി കെ സുനിൽകുമാർ (50 ) എന്നിവരെയാണ്
അന്തിക്കാട് സി ഐ ക്രൂരമായി മർദ്ദിച്ചത്. ഇവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർക്ക് പുറമെ നാട്ടുകാരും പ്രായപൂർത്തിയാകാത്ത മറ്റു നാലു പേരെയും സിഐ സമാന രീതിയിൽ മർദ്ദിച്ചതായി ആരോപിച്ച് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ച ചാഴൂരിലെ സിപിഐ എം പ്രാദേശിക നേതാവിനെ കരിക്ക് കൊണ്ട് മർദ്ദിച്ചത് വിവാദമായതിന്ന് പിന്നാലെയാണ് ഈ ഓഫീസർക്കെതിരെ മൂന്നാം മുറ പ്രയോഗ പരാതി ഉയർന്നിരിക്കുന്നത്.
ബുധനാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഗാനമേളക്കിടയിലുണ്ടായ ചില തർക്കങ്ങളിൽ പൊലിസ് ഇടപെടുകയും അതുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുക്കുന്നതിനിടയിൽ ഒരു വിഷയത്തിലും ഉൾപ്പെടാതെ നിന്ന രണ്ട് സി പി ഐ എം പ്രവർത്തകരെയും ബലമായി സ്റ്റേഷനിലേക്ക് കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് മുരളി പെരുനെല്ലി എം എൽ എ ഉയർന്ന പൊലിസ് അധികാരികളുമായി സംസാരിച്ചതിനെ തുടർന്ന് ഇവരെ വിട്ടയച്ചു.
ഇവർ പുറത്ത് വന്നതിന് ശേഷമാണ് മർദ്ദന വിവരം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്.തുടർന്ന് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ, സി പി ഐ എം അരിമ്പൂർ ലോക്കൽ സെക്രട്ടറി കെ ആർ ബാബുരാജ്, ജനപ്രതിനിധികളായ സി ജി സജീഷ്, കെ രാഗേഷ്,
സി പി ഐ എം അരിമ്പൂർ ലോക്കൽ കമ്മിറ്റിയംഗം ഇ കെ ജയപ്രകാശ്, സി പി ഐ എം വെളുത്തൂർ ബ്രാഞ്ച് സെക്രട്ടറി ടി പി ഷിജു.എന്നിവരുടെ നേതൃത്വത്തിലാണ് മർദ്ദനമേറ്റവരെ ജില്ല ആശുപത്രിയിൽ എത്തിച്ചത്.
