എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; വീട്ടിലെ ജോലിക്കാരിയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം ആരംഭിച്ചിട്ട് നാല് വർഷത്തോളമായെന്ന് പ്രതികൾ.
പ്രതികളിൽ നിന്ന് ആസൂത്രിത മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശൻ എന്നിവരാണ് അറസ്റ്റിലായത്.
മൂന്നും നാലും അഞ്ചും പവൻ തൂക്കം വരുന്ന മാലകൾ, മൂന്ന് പവന്റെ വള, മൂന്ന് പവൻ തൂക്കം വരുന്ന രണ്ട് ജോഡി കമ്മൽ, ഡയമണ്ടിന്റെ ഒരു ജോഡി കമ്മൽ, ഒരു പവന്റെ ലോക്കറ്റ് തുടങ്ങി 26 പവന്റെ സ്വർണമാണ് പ്രതികൾ തവണകളായി മോഷ്ടിച്ചത്.
വീട്ടിൽ മോഷണം നടന്നുവെന്ന് ചൂണ്ടിക്കാട്ടി എം ടിയുടെ ഭാര്യ സരസ്വതിയാണ് പൊലീസിൽ പരാതി നൽകിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി.
