ഇരിങ്ങാലക്കുട : തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ്റെ മകളായ ഹാഷിദയെ (24) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് കാട്ടൂർ വില്ലേജ് പണിക്കർമൂല ദേശത്ത് മംഗലത്തറ വീട്ടിൽ അബ്ദുൾ അസീസ് മകൻ മുഹമ്മദ് ആസിഫ് അസീസിന് (30) ജീവപര്യന്തം തടവും, ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എൻ വിനോദ് കുമാർ ഉത്തരവായി.
ഇന്ത്യൻ ശിക്ഷാ നിയമം 302 പ്രകാരം ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും, 307 പ്രകാരം 10 വർഷം തടവും 10,000 രൂപ പിഴയും, 498A പ്രകാരം 2 വർഷം തടവും 10,000 രൂപ പിഴയും, 449 പ്രകാരം 5 വർഷം തടവും 20,000 രൂപ പിഴയും, 341 പ്രകാരം ഒരു മാസം തടവും 500 രൂപ പിഴയും, 323 പ്രകാരം 6 മാസം തടവും 1,000 പിഴയും, 201 പ്രകാരം 5 വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയിൽ നിന്ന് 1,00,000 രൂപ കൊലപ്പെട്ട ഹാഷിദയുടെ മക്കൾക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിൽ പറയുന്നുണ്ട്.
2022 ആഗസ്റ്റ് 20-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നു വൈകുന്നേരം ആറര മണിയോടെ നൂറുദ്ദീൻ മുമ്പുണ്ടായ കുടുംബ വഴക്കിൻ്റെ വിരോധത്താൽ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമായിട്ടുള്ള ഹാഷിദയെ പ്രതി വെട്ടിക്കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടും കരുതലോടും കൂടി ബാഗിൽ ഒളിപ്പിച്ചു കൊണ്ടു വന്ന വാൾ ഉപയോഗിച്ച് അതിക്രൂരമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, തടയാൻ ചെന്ന ഹാഷിദയുടെ പിതാവായ നൂറുദ്ദീന്റെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും, ഹാഷിദയുടെ മാതാവിനെ ദേഹോപദ്രവം ചെയ്യുകയുമാണ് ഉണ്ടായത്.
ചികിത്സയിലിരിക്കെ ആഗസ്റ്റ് 21ന് വൈകീട്ട് നാലു മണിയോടു കൂടി ഹാഷിദ തൃശൂർ അശ്വിനി ഹോസ്പ്പിറ്റലിൽ മരണപ്പെട്ടു.
വലപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ എസ് സുശാന്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും, തുടർന്ന് കൊടുങ്ങല്ലൂർ ഡി വൈ എസ് പി ആയിരുന്ന എൻ എസ് സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തികരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഈ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 58 സാക്ഷികളെ വിസ്തരിക്കുകയും, 97 രേഖകളും 24 തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോജി ജോർജ്ജ്, അഡ്വക്കെറ്റുമാരായ പി എ ജെയിംസ്, എബിൻ ഗോപുരൻ, അൽജോ പി ആൻറണി, ടി ജി സൗമ്യ എന്നിവർ ഹാജരായി.
