പൊന്നാനിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂന്ന് പ്രതികളെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി.
വാടാനപ്പള്ളി സ്വദേശിയും പൊന്നാനിയിൽ താമസക്കാരനുമായ രായർമരക്കാർ വീട്ടിൽ സുഹൈൽ (46), പൊന്നാനി കടവനാട് മുക്കിരിയം കറുപ്പം വീട്ടിൽ അബ്ദുൽ നാസർ (45), പാലക്കാട് കാവശ്ശേരി സ്വദേശി പാലത്തൊടി മനോജ് (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൈലാണ് ഒന്നാം പ്രതി.
പൊന്നാനി ഐശ്വര്യ തീയറ്ററിന് സമീപത്തെ മണൽതറയിൽ രാജീവിന്റെ വീട്ടിൽ നടന്ന കവർച്ച കഴിഞ്ഞ ഏപ്രിൽ 13നാണ് പുറംലോകമറിയുന്നത്. രാജീവും കുടുംബവും വിദേശത്തായിരുന്നപ്പോൾ നടന്ന മോഷണം വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് ആദ്യമറിഞ്ഞത്. വീടിന് പിന്നിലെ ഗ്രിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയത്. ലോക്കറിൽ സൂക്ഷിച്ച രണ്ട് കോടിയോളം രൂപ വിലവരുന്ന 350 പവനോളം സ്വർണമാണ് നഷ്ടമായത്.
