ചേർപ്പ് : സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരത്തിന് തൃശൂർ ജില്ലയിലെ ഷീബ രാധാകൃഷ്ണൻ അർഹയായി. ചേർപ്പ് – ഊരകം സ്വദേശിനിയാണ് ഷീബ രാധാകൃഷ്ണൻ.
ഊരകം മാവിൻച്ചുവട് പ്രദേശത്ത് വീടിനോട് ചേർന്നുള്ള 72 സെന്റ് ഭൂമിയിൽ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളടക്കം 400 ഓളം ഔഷധസസ്യങ്ങൾ, വൃന്ദാവൻ ഔഷധഉദ്യാനം എന്ന പേരിൽ ഷീബ സംരക്ഷിച്ചു വരുന്നു. ക്ഷേത്രങ്ങളിൽ കാവുകളും, വിദ്യാലയങ്ങളിൽ ഔഷധ ഉദ്യാനങ്ങളും, പ്രകൃതിയെ ചേർത്ത് പിടിക്കുന്ന പ്രവർത്തനങ്ങൾ ഷീബ നടത്തിവരുന്നു.
പുതുതലമുറക്ക് പ്രകൃതിയുടെയും, ഔഷധ സസ്യങ്ങളുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന പ്രവർത്തന ലക്ഷ്യമാണ് ഷീബക്കുള്ളത്. കേരളത്തിൽ നിന്ന് മാത്രമല്ല ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലും ജനങ്ങൾ ഷീബയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഷീബയുടെ ഊരകത്തുള്ള വൃന്ദാവൻ ഔഷധ ഉദ്യാനം സന്ദർശിച്ചുവരുന്നു.
കേരളത്തിൽ നിന്ന് മാത്രമല്ല, ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലും ഷീബ ഔഷധ സസ്യങ്ങൾ ശേഖരിച്ചു സംരക്ഷിക്കുന്നു. വൃന്ദാവൻ ഔഷധോദ്യാനം എന്ന് പേരുള്ള യൂട്യൂബ് ചാനൽ വഴി ദിവസവും ഷീബ ഓരോ സസ്യത്തെയും പരിചയപ്പെടുത്തി അവയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തുവരുന്നു.
നല്ലൊരു നർത്തകി കൂടിയായ ഷീബ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാല ജീവനക്കാരിയായിരുന്നു. പൊതുപ്രവർത്തകനായ ഊരകം സ്വദേശി അയിച്ചിയിൽ രാധാകൃഷ്ണന്റെ സഹധർമ്മിണിയാണ് ഷീബ.
