ചേർപ്പ് : തൃശ്ശൂര്‍ – തൃപ്രയാര്‍ റോഡില്‍ ചിറയ്ക്കല്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച താല്‍ക്കാലിക പാലത്തിനോട് ചേര്‍ന്ന് പൈലിംഗ് പ്രവൃത്തികള്‍ നടത്തേണ്ടതിനാലും, പഴയ പാലത്തിന്റെ കല്ലുകള്‍ നീക്കംചെയ്യേണ്ടതിനാലും ഇതിലൂടെയുള്ള ഗതാഗതം നാളെ (ജനുവരി 31) വെള്ളിയാഴ്ച്ച പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. ആംബുലന്‍സുകള്‍ കടത്തിവിടും.
ഇന്ന് രാവിലെ മുതൽവാഹന ഗതാഗതം പൂർണമായും നിരോധിച്ചത് വഴിയാത്രക്കാരെ വലച്ചു. താൽകാലിക പാലത്തിനെ ബലപ്പെടുത്തുന്നതിനുമായിട്ടാണ് പാലത്തിലൂടെ വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചത്. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിലാണ് പാലം നിർമ്മാണം നടക്കുന്നത്. റൂട്ടിൽ ബസ് സർവ്വീസും തടസപ്പെട്ടു.
വിദ്യാർത്ഥികളും ജോലിക്കാരുമടക്കം പലരും കാൽനടയായിട്ടും മറ്റു വഴികളിലൂടെയുമാണ് സ്ക്കൂളിലേക്കും ആഫീസുകളിലേക്കും എത്തിയിരുന്നു. പെരുമ്പിള്ളിശേരിയിലെത്തി തൃശൂർ ഇരിങ്ങാലക്കുട ബസുകളെയും യാത്രക്കാർക്ക് ആശ്രയിക്കേണ്ടി വന്നു. ആംബുലൻസ് അത്യാഹിത വാഹനങ്ങൾക്ക് താൽകാലിക പാലത്തിലൂടെ കടന്നുപോകുന്നതിനുള്ള സാഹചര്യവും അധികൃതർ ഒരുക്കിയിരുന്നു. സി.സി. മുകുന്ദൻ എം.എൽ.എ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന പാലം സന്ദർശിച്ചു.
