കാഞ്ഞാണി : പെരുമ്പുഴ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളിയ രണ്ടു ലോറികൾ അന്തിക്കാട് പോലീസ് പിടിച്ചെടുത്തു. സ്വകാര്യ ആംബുലൻസ് ഡ്രൈവർ പിന്തുടർന്ന് പകർത്തിയ ദൃശ്യങ്ങളാണ് അരിമ്പൂർ പഞ്ചായത്തിന്റെ പരാതിയിൽ പിടികൂടുന്ന സാഹചര്യത്തിലേക്ക് എത്തിച്ചത്. എന്നാൽ സ്വാധീനം ഉപയോഗിച്ച് ലോറികൾ വിട്ട് കിട്ടാൻ പലവിധ ശ്രമങ്ങളും നടക്കുന്നുമുണ്ട്.
പാമ്പുകടിയേറ്റ കുട്ടിയെ തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ച് മടങ്ങിയ ആംബുലൻസ് പ്രവർത്തകരാണ് പെരുമ്പുഴ പാടത്ത് പുലർച്ചെ ടാങ്കർ ലോറിയിൽ നിന്ന് ജലാശയത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത് കണ്ടത്. ഇതു കണ്ട് ആംബുലൻസ് റോഡിൽ തിരിക്കുകയും ലോറിയുടെ അടുത്തേക്ക് എത്തിയെങ്കിലും ലോറി അമിതവേഗത്തിൽ ചീറിപ്പാഞ്ഞു.
മൂന്ന് കിലോമീറ്റർ ദൂരം ലോറിയെ പിന്തുടർന്ന് എറവ് കപ്പൽ പള്ളിക്കും അരിമ്പൂരിനും ഇടയിൽ വെച്ച് ലോറിയുടെ നമ്പർ ആംബുലൻസിലെ ഗാർഡ് വീഡിയോയിൽ പകർത്തി. ഇത് മാധ്യമപ്രവർത്തകർക്ക് നൽകിയതിനെ തുടർന്ന് മണലൂർ പഞ്ചായത്ത് പോലീസിൽ പരാതി നൽകിയിരുന്നു.
ഇതു കഴിഞ്ഞ് അടുത്ത ദിവസം രണ്ടു ലോറികൾ മനക്കൊടി പ്രദേശത്ത് മാലിന്യം തട്ടാൻ എത്തിയപ്പോൾ നാട്ടുകാർക്ക് ചേർന്ന് തടഞ്ഞു പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. രണ്ടു ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു. അതിൽ ഒരു ലോറി ആംബുലൻസ് ഡ്രൈവർമാർ വീഡിയോയിൽ പകർത്തിയ ലോറിയായിരുന്നു.
മാലിന് തള്ളുന്നത് സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിട്ടും അന്തിക്കാട് പോലീസിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ലോറികൾ പിടിച്ചപ്പോൾ ഇവരുമായി ബന്ധപ്പെട്ട ആളുകളുടെ നിരന്തര സമ്മർദ്ദം പഞ്ചായത്തുകളിൽ ചെല്ലുന്നുണ്ട്. ഒരു ചെറു തരി പോലും പിന്നോക്കം ഇല്ല എന്നാണ് അരിമ്പൂർ പഞ്ചായത്തിന്റെ നിലപാട്.
എന്നാൽ പോലീസ് വണ്ടി കണ്ടെത്തിയാൽ മാത്രമാണ് നടപടിയെടുക്കാൻ പറ്റുകയുള്ളൂ എന്നാണ് മണലൂർ പഞ്ചായത്ത് നിലപാട്. പൊതുജലാശയങ്ങൾ അടക്കമുള്ളവ മലിനപ്പെടുത്തിയ വാഹനത്തിൻറെ പെർമിറ്റ് കട്ട് ചെയ്യുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാണ് ഉയർന്ന ആവശ്യം.
